അക്രമ രാഷ്ട്രീയം; കോണ്‍ഗ്രസിന് ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ല: കെ കെ രമ
വടകരയില്‍ ഇത്തവണ തീ പാറുന്ന പോരാട്ടമാണ്. സിപിഐഎമ്മിന്റെ കരുത്തനായ നേതാവ് പി.ജയാജനെതിരേ ആരെന്ന ചോദ്യത്തിന് യുഡിഎഫ് കെ. മുരളീധരനിലൂടെ മറുപടി നല്‍കിയോടെ ഇരു മുന്നണികളും വാശിയേറിയ പ്രചാരണവും തുടങ്ങി. പക്ഷേ വടകരയില്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തേക്കാള്‍ ശ്രദ്ധ നേടിയത് യുഡിഎഫിന് പിന്തുണ നല്‍കികൊണ്ടുള്ള റെവല്യൂഷണറി മാര്‍ക്സ്റ്റിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (ആര്‍എംപിഐ)യുടെ പ്രഖ്യാപനമായിരുന്നു. ആര്‍എംപിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെയും നിലപാടുകളെയും കുറിച്ച് കെ.കെ. രമ നൗഫിയയോട് സംസാരിക്കുന്നു.
വടകരയടക്കം നാല് മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നായിരുന്നു ആര്‍എംപി മുന്‍പ് തീരുമാനിച്ചിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി ആ തീരുമാനത്തില്‍ നിന്ന് പിന്മാറി വടകരയില്‍ യുഡിഎഫിന് നിരുപാധികം പിന്തുണ നല്കി. എന്തായിരുന്നു പെട്ടെന്നുള്ള ആ തീരുമാനത്തിനു കാരണം?
ആര്‍എംപി രൂപീകരിച്ചതിനു ശേഷം എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ മത്സരിച്ചിട്ടുണ്ട്. ഇത്തവണയും അതേ രീതിയില്‍ നാലു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നു ആദ്യത്തെ തീരുമാനം. പക്ഷേ എല്‍ഡിഎഫ് പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതോടെ ആര്‍എംപിയെ സംബന്ധിച്ച് ഇതൊരു ജീവന്മരണ പോരാട്ടമായി മാറി. കാരണം, ജയരാജനെപ്പോലെ അക്രമരാഷ്ട്രീയത്തിന്റെ ബുദ്ധികേന്ദ്രമായ ഒരാള്‍ മണ്ഡലത്തില്‍ വിജയിച്ചാല്‍ സഖാവ് ടി.പി. ചന്ദ്രശേഖരനെപ്പോലെ ആര്‍എംപി പ്രവര്‍ത്തകര്‍ ഓരോരുത്തരായി കൊല്ലപ്പെടും.
ജയരാജന് ആര്‍എംപിയെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കും. അങ്ങനെ വരുമ്പോള്‍ ഇത് ആര്‍എംപിയെ സംബന്ധിച്ച് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും. ആ ഒരൊറ്റക്കാരണത്താലാണ് പാര്‍ട്ടിയുടെ ഇതു വരെയുള്ള നയങ്ങളേയും ആശയങ്ങളേയും എല്ലാം മാറ്റിവച്ച് യുഡിഎഫിന് പിന്തുണ നല്‍കിയത്.
ആര്‍എംപി യുഡിഎഫിന്റെ ബി ടീമാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. യുഡിഎഫിന് പിന്തുണ നല്‍കിയതിലൂടെ മാര്‍ക്സിസ്റ്റുകളുടെ ആരോപണത്തിന് വിശ്വാസ്യത വര്‍ധിപ്പിക്കുകയല്ലേ പാര്‍ട്ടി ചെയ്തത്?
തോല്‍ക്കുമെന്ന ഭയമുള്ളതു കൊണ്ടാണ് സിപിഐഎം ആര്‍എംപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നയങ്ങളിലും ആശയങ്ങളിലും ഉള്ള വ്യത്യാസങ്ങള്‍ കൊണ്ടു തന്നെ ഞങ്ങളുടെ പാര്‍ട്ടി ഒരിക്കലും യുഡിഎഫിന്റെ ഭാഗമായിരുന്നില്ല. കോണ്‍ഗ്രസിനോടോ യുഡിഎഫിനോടോ ഒരു തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്കും ആര്‍എംപി തയാറല്ല. പൊതുവായ ശത്രുവിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പു തന്ത്രം മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നല്‍കിയിരിക്കുന്ന പിന്തുണ. യുഡിഎഫിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നയങ്ങള്‍ക്കും ആര്‍എംപി പിന്തുണ തുടരുമെന്ന് അതിനര്‍ഥമില്ല.
ഇത്തവണ ആര്‍എംപിയും യുഡി എഫും അക്രമരാഷ്ട്രീയത്തിന്റെ അതിപ്രസരത്തെ ഉയര്‍ത്തിക്കാണിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ക്ലീന്‍ ചിറ്റ് നല്കാന് കഴിയുമോ?
ഉറപ്പായും ഇല്ല. അവരും(കോണ്‍ഗ്രസ്) അക്രമരാഷ്ട്രീയം പയറ്റാറുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് ഒരിക്കലും അവരില്‍ നിന്ന് ഭീഷണിയുണ്ടായിട്ടില്ല. ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് ഇവിടെ ജീവിക്കാനും ജോലി ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ ജീവിതം എല്ലായ്പ്പോഴും സിപിഐഎമ്മിന്റെ ഭീഷണിക്കു കീഴിലാണ്.
മറ്റു മണ്ഡലങ്ങളില്‍ ആര്‍എംപിയുടെ തെരഞ്ഞെടുപ്പു നയങ്ങള്‍ എന്താണ് അവിടെയും യുഡിഎഫിന് പിന്തുണ നല്‍കുമോ?
ബിജെപിയുടെ ഫാസിസ്റ്റ് നയത്തിനും സിപിഐഎമ്മിന്റെ ബ്രാന്‍ഡഡ് അക്രമരാഷ്ട്രീയത്തിനും എതിരെ പ്രവര്‍ത്തിക്കാനാണ് തീരുമാനം.
യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണോ പരോക്ഷമായി പറയുന്നത്?
കേന്ദ്രത്തില്‍ ബിജെപി എന്‍ഡിഎ സര്‍ക്കാരും സംസ്ഥാനത്ത് സിപിഐഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും മുന്നോട്ടു വക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണി ചേരണമെന്നാണ് ഞങ്ങളാവശ്യപ്പെടുന്നത്. അതിലൂടെ യുഡിഎഫ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നുണ്ടായിരിക്കാം.അതല്ലാതെ ആര്‍എംപി ഏതെങ്കിലും മുന്നണിയെ നേരിട്ട് പിന്തുണയ്ക്കുന്നുവെന്ന് പറയാനാകില്ല.
വടകരയില്‍ കോണ്‍ഗ്രസ്- മുസ്ലിം ലീഗ്- ബിജെപി കൂട്ടുകെട്ട് എന്ന ആരോപണത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?
ഇത്തരത്തിലുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് മണ്ഡലത്തിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം സമുദായ ധ്രുവീകരണത്തിലൂടെ ഹൈന്ദവ വോട്ടു സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമം. അതു കൊണ്ട് തന്നെ അവര്‍ക്ക് മുസ്ലിം ലീഗിനൊപ്പം പ്രവര്‍ത്തിക്കാനാകില്ല. തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്ന ഭയം മൂലം സിപിഐഎം സൃഷ്ടിക്കുന്നതാണ് ഇത്തരം ആരോപണങ്ങളെന്നാണ് എനിക്കു തോന്നുന്നത്.
ഇപ്പോള്‍ ആരാണ് ആര്‍എംപിയുടെ പ്രധാന എതിരാളി ബിജെപിയോ സിപിഐഎമ്മോ?
ആര്‍എംപിയെ സംബന്ധിച്ച് സിപിഎമ്മും ബിജെപിയും രാഷ്ട്രീയ എതിരാളികളാണ്. രാജ്യത്തെ രക്ഷിക്കുന്നതിനായി ഏതു വിധേനയും എതിര്‍ക്കേണ്ടതാണ് ബിജെപിയുടെ ഫാസിസ്റ്റ് നയം. ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സിപിഐഎമ്മിനെയും ചെറുക്കേണ്ടിയിരിക്കുന്നു.
യുഡിഎഫിനെ പിന്തുണക്കാമെന്ന ആര്‍എംപി തീരുമാനം ഞെട്ടിച്ചുവെങ്കിലും വടകരയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി കോണ്‍ഗ്രസ് ഒരുപാട് സമയമെടുത്തു. അത് തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതികൂലമായി ബാധിക്കില്ലേ?
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതില്‍ വന്ന കാലതാമസം പ്രവര്‍ത്തകരില്‍ അസ്വാരസ്യമുണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസ് വേണ്ട രീതിയില്‍ ഗൃഹപാഠം ചെയ്യാഞ്ഞതാണ് അതിനു കാരണം. പക്ഷേ വടകരയില്‍ കെ. മുരളീധരന് വിജയിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ കെ.കെ. രമ സ്ഥാനാര്‍ഥിയാകുമെന്നും സൂചനകളുണ്ടായിരുന്നു. വിജയസാധ്യതയുള്ള ഒരു ആശയമായിരുന്നോ അത്?
ഒന്നാമത്തെ കാര്യം ഔദ്യോഗികമായി അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫ് അത്തരത്തിലൊരു വാഗ്ദാനം മുന്നോട്ടു വച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി അത് സ്വീകരിക്കുമായിരുന്നു. അതൊരിക്കലും വിജയസാധ്യത കുറക്കില്ല. കാരണം. ആര്‍എംപിക്കും കോണ്‍ഗ്രസിനും കൃത്യമായ വോട്ടുണ്ട്.
യുഡിഎഫ് ഏതെങ്കിലും വിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്കിയാല് ഭാവിയിലും യുഡിഎഫിന് പിന്തുണ നല്കി ചേര്‍ന്നു പോകാന്‍ തീരുമാനിക്കുമോ?
ആര്‍എംപി ഇപ്പോള്‍ നിരുപാധികമായ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിഫലവും ആവശ്യമില്ല.അത്തരത്തിലെന്തെങ്കിലും താത്പര്യം ഉണ്ടായിരുന്നുവെങ്കില്‍ 2016ല്‍ വടകര നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന് വിജയിക്കാന്‍ ആര്‍എംപിക്ക് കഴിയുമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് ആശയവും നയവുമാണ് പ്രധാനം.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.