സാമ്പത്തിക മാന്ദ്യത്തിലും ഓഹരി വിപണി കുതിക്കാന്‍ കാരണമെന്ത്? അലക്സ് കെ ബാബു വിശദീകരിക്കുന്നു
2021 ജനുവരി 21 ! ഇതൊരു ചരിത്ര ദിനമാണ്. സെന്‍സെക്സ് ഇതാദ്യമായി 50,000 കടന്നു. പക്ഷെ, 167 പോയിന്റുകള്‍ ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകരെ ഒരേ സമയം ആവേശത്തിലും ആശങ്കയിലുമാക്കിയാണ് വിപണിയുടെ നീക്കം. ഈ മുന്നേറ്റം രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷ കണ്ടു കൊണ്ടുള്ള പണമൊഴുക്കിന്റെ പിന്ബലത്തിലുള്ളതാണെന്നാണ് ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അലക്സ് കെ ബാബു പറയുന്നത്. ഇനി വിപണിയുടെ ഗതി എങ്ങനെയായിരിക്കുമെന്നും നിക്ഷേപകര്‍ എന്തു സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം അഭിമുഖം ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
ഓഹരി വിപണിയില്‍ ഇതൊരു ചരിത്ര നിമിഷമാണ്. സെന്‍സെക്സ് 50,000 കടന്നു. നിഫ്റ്റിയും ഉയര്‍ച്ചയിലാണ്. എന്താണ് ഈ മുന്നേറ്റത്തിന്റെ കാരണം?
കോവിഡിന്റെ സാഹചര്യത്തില്‍ ജനങ്ങളിലേക്ക് പണം എത്തിക്കുന്നതിന് രാജ്യങ്ങള്‍ വന്‍ ഉത്തേജക പാക്കേജുകള്‍ നടപ്പാക്കി. ലോകം ഇന്നു വരെ കാണാത്ത മണി പ്രിന്റിംഗ് ആണ് എല്ലാ രാജ്യങ്ങളിലും നടക്കുന്നത്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും മണി പ്രിന്റിംഗ് ആണ് വിപണിയെ തിരിച്ചു കൊണ്ടു വന്നത്. പക്ഷേ, അന്നത്തേതിന്റെ മൂന്നോ നാലോ ഇരട്ടി മടങ്ങാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്.
ഇത്രയും പണം വരുമ്പോള്‍ അത് സ്വാഭാവികമായും ഓഹരി, സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് പോകും. ഇന്ത്യ നിക്ഷേപകരുടെ ഒരു ഇഷ്ട ഡെസ്റ്റിനേഷനാണ്. അതുകൊണ്ട് ഇങ്ങോട്ട് കൂടുതലായി പണമൊഴുക്കുന്നു. കഴിഞ്ഞ ഒമ്പതു മാസക്കാലയളവിനുള്ളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 75,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
പണ ലഭ്യതയ്ക്കൊപ്പം തന്നെ സാമ്പത്തിക രംഗം വേഗത്തില്‍ കരകയറുമെന്നുള്ള പ്രതീക്ഷകളുമാണ് വിപണില്‍ പ്രതിഫലിക്കുന്നത്.
നിക്ഷേപകര്‍ക്ക് പക്ഷേ ആശങ്കയുണ്ട്. ഈ മുന്നേറ്റം തുടരുമോ?
പണ ലഭ്യതയുള്ളിടത്തോളം കാലം മുന്നേറ്റം തുടരുമെന്നാണ് പറയാനാകുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് എപ്പോഴും ഒരു സ്റ്റെപ്പ് മുന്നോട്ടായിരിക്കും പോകുന്നത്. അതായത് ഇപ്പോള്‍ നമ്മള് നോക്കുകയാണെങ്കില്‍ ഇക്കോണമി തിരിച്ചു കയറിയിട്ടില്ല. തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് മാത്രമാണ് നമ്മള് കരുതുന്നത്. അതിനു മുന്‍പ് തന്നെ സെന്‍സെക്സ് 50,000 കടന്നു.
വിപണിയില്‍ ഈ ഒരു മൊമന്റ് ഇല്ലാതെ താഴ്ന്ന നിലവാരത്തില്‍ തന്നെ തുടരുകയാണെങ്കില്‍ നമ്മുടെ ഇക്കോണമി നല്ല നിലയിലായിരിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വര്‍ഷം മുന്നോട്ടൊന്നു നോക്കാം.
ഇന്ത്യയുടെ ജിഡിപി 8-9 ശതമാനം വളര്‍ച്ച നേടുകയും സ്റ്റോക്ക് മാര്‍ക്കറ്റ് 50,000- 45,000 നിലവാരത്തില്‍ തന്നെ നില്‍ക്കുകയും ചെയ്യുകയാണെന്ന് വിചാരിക്കുക. ആ സമയത്ത് പണ ലഭ്യത ഉറപ്പായും കുറഞ്ഞിട്ടുണ്ടാകും.
ഇക്കോണമി വളര്ച്ചയിലാകുമ്പോള് ആര്‍ബിഐ റിപ്പോ റേറ്റ് കൂട്ടും, അപ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് അത്രയും നന്നായി പെര്‍ഫോം ചെയ്യില്ല. 8-9 ശതമാനം ഗ്രോത്ത് എപ്പോഴും നില്ക്കുകയാണെങ്കില് മാത്രമേ മാര്‍ക്കറ്റ് മുന്നോട്ടു പോകൂ. ഇതൊരു തല്‍ക്കാലത്തേക്ക് മാത്രമുള്ള കയറ്റമാണെങ്കില്‍ ഈ വളര്‍ച്ച ഇവിടെ നില്ക്കും.
ഇന്ത്യയെ ആകര്ഷകമാക്കുന്നതെന്താണ്?
ഇന്ത്യ ഒരു ഗ്രോയിംഗ് ഇക്കോണമിയാണെന്നതില് ഒരു സംശയവുമില്ല. ഒരു വികസിത രാഷ്ട്രത്തെ സംബന്ധിച്ച് വളര്‍ച്ചയ്ക്ക് സാധ്യത വളരെ കുറവാണ്. യൂറോപ്പ്, അമേരിക്ക പോലുള്ള രാജ്യങ്ങളിലൊക്കെ പല പ്രശ്നങ്ങളും ഉണ്ട്.
ഇവിടെ ആകെ പ്രശ്നമായി നില്‍ക്കുന്നത് പണമാണ് അതു വന്നു കഴിഞ്ഞാല്‍ വളര്‍ച്ചയുണ്ടാകും. പ്രാഥമികമായ ആവശ്യങ്ങള്‍ പോലും ഇനിയും ഇവിടെ നിറവേറ്റപ്പെട്ടിട്ടില്ല. അടുത്ത 30-40 വര്‍ഷത്തേക്ക് വളര്‍ച്ചയ്ക്കുള്ള അവസരം ഇവിടെയുണ്ട്. മറ്റ് രാജ്യങ്ങളുടെ അടുത്തെങ്കിലും നമ്മള് ഇനിയും വളരണം.
നമ്മള് ഏറ്റവും താഴ്ന്ന നിലയില്‍, അതായത് കോവിഡിന്റെ പ്രശ്നം മൂലം നെഗറ്റീവ് ജിഡിപി ഗ്രോത്തില്‍ നിന്ന് റിക്കവര്‍ ചെയ്യുമ്പോള്‍ ഇരട്ടയക്ക വളര്‍ച്ചയിലേക്ക് വരെ നമുക്ക് പ്രതീക്ഷിക്കാം. അതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപങ്ങളും വരുന്നത്.
ഈ വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യമെന്താണ്?
വിപിണിയിലേക്ക് ധാരാളം പുതിയ നിക്ഷേപകര്‍ വരുന്നുണ്ട്. മുന്‍പ് പറഞ്ഞതു പോലെ പണ ലഭ്യതയാണ് ഇതിനു കാരണം. എഫ്ഡി പോലുള്ളവയില്‍ നിക്ഷേപിച്ചാല്‍ അഞ്ച് – ആറ് ശതമാനത്തിനടുത്ത് മാത്രമാണ് പലിശ ലഭിക്കുന്നത്.
അതുകൊണ്ട് നിക്ഷേപകര്‍ റിസ്ക് എടുക്കാന്‍ തയ്യാറായാണ് ഓഹരിയിലേക്ക് വരുന്നത്. ശ്രദ്ധിക്കേണ്ടതെന്തെന്നു വച്ചാല്‍- നല്ല കമ്പനികള്‍ നോക്കി നിക്ഷേപിക്കുക, വിപണിയുടെ മൊമന്റം കണ്ടു മാത്രമാകരുത് നിക്ഷേപം.
പ്രത്യേകിച്ചും ഇപ്പോഴത്തെ ഈ വിപണിയില്‍ നിക്ഷേപിക്കാനിറങ്ങുന്നവര് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും തുടരണം. ഒരു വര്‍ഷം കൊണ്ട് തന്നെ റിട്ടേണ്‍ നേടണമെന്ന് വിചാരിച്ച് ഇറങ്ങരുത്. ഒരു പക്ഷേ അങ്ങനെ സംഭവിക്കുമായിരിക്കാം. എന്നാലും ആ പ്രതീക്ഷിച്ച വച്ചുകൊണ്ട് മാത്രം വന്നാല്‍ ചിലപ്പോള്‍ തിരിച്ചടി നേരിട്ടേക്കാം.
നിക്ഷേപിക്കാനിറങ്ങുന്നവര് ഒരിക്കലും മുഴുവന്‍ തുകയും ഒരേ സമയത്ത് നിക്ഷേപിക്കരുതെന്നതാണ് മറ്റൊരു കാര്യം. എവിടെയെങ്കിലും ഒരു ബ്ലാക്ക് സ്വാന് ഇവന്റ് വരും. ആ സമയത്ത് ഉപയോഗിക്കാനുള്ള പണം കൂടി കരുതണം. പല ഘട്ടങ്ങളിലായി നിക്ഷേപിക്കുകയും പലഘട്ടങ്ങളായി ലാഭമൈടുക്കുകയുമാണ് വിപണിയില്‍ എപ്പോഴും വേണ്ടത്.
സെന്‍സെക്സ് 35,000 -40,000 ഒക്കെ എത്തിയപ്പോള്‍ തന്നെ ഒരുപാട് പേര് വിറ്റു പിന്മാറിയിരുന്നു. അവരെല്ലാം തിരിച്ചു കയറാന്‍ ഒരു തിരുത്തലിനു വേണ്ടി കാത്തിരിക്കുകയാണ്. മുഴുവന്‍ വിറ്റു പോയവരെ സംബന്ധിച്ച് വലിയ നഷ്ട ബോധമായിരിക്കും.
വിപണിയില്‍ ഒരു എന്‍ട്രി പോയിന്റും ഒരു എക്സിറ്റ് പോയിന്റും അല്ല ഉള്ളതെന്നാണ് എന്റെ അഭിപ്രായം. നിരവധി എന്‍ട്രി, എക്സിറ്റ് പോയിന്റുകളുണ്ട്. ഇപ്പോഴത്തേത് അത്തരത്തില്‍ ലാഭം എടുക്കാന്‍ പറ്റിയ ഒരു സ്ഥലമാണ്. പക്ഷേ മുഴുവനായും എടുക്കുന്നത് നല്ലതല്ല. ഓരോരുത്തരുടേയും ആവശ്യം കൂടിനോക്കിയ ശേഷം 50 ശതമാനം വരെയൊക്കെ ലാഭമെടുക്കാം.
ഒരു മൊമന്റത്തിന്റെ മുകളിലുള്ള നിക്ഷേപം ആണ് പലരും നടത്തുന്നത്. എല്ലാവരും വിപണിയിലേക്ക് കയറുന്നു, എന്നാല്‍ ഞാനും കയറാം എന്ന രീതി പിന്തുടരാതെ കുറേക്കൂടി പഠിച്ചിട്ട് നിക്ഷേപിക്കുക.
പരിഗണിക്കാവുന്ന മേഖലകള്‍ ഏതൊക്കെയാണ്?
അധികം റിസ്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിഗണിക്കാം. അത്ര കുഴപ്പമില്ലാത്ത വാലുവേഷനുണ്ട്. മാത്രമല്ല 5-6 ശതമാനം ഡിവിഡന്റ് വരുമാനത്തിനും സാധ്യതയുണ്ട്.
കേന്ദ്ര ബജറ്റില്‍ ഇന്‍ഫ്രാസ്ട്രക്ചറിന് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് 2021 ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കുക മെറ്റല്‍സ്, സിമന്റ്, റിയല്‍ എസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ടു നില്ക്കുന്ന കമ്പനികളുടെ ഓഹരികളായിരിക്കും.
റിസ്ക് എടുക്കാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് ഇവ പരിഗണിക്കാം. കാരണം വ്യതിയാന സാധ്യത ഇവയ്ക്ക് താരതമ്യേന കൂടുതലായിരിക്കും.
ഉടനെ വിപണിയെ സ്വാധീനിക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
വാക്സിന് വന്നതിന്റെ പ്രതീക്ഷയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. വാക്സിന്റെ ഫലപ്രാപ്തി അറിയാന്‍ അഞ്ച്, ആറ് മാസം എടുക്കും. അതൊരു ബ്ലാക്ക് സ്വാന് ഇവന്റായിരിക്കും. ഇത്രയും മണി പ്രിന്റിംഗ് നടന്നതുകൊണ്ട് എപ്പോഴെങ്കിലും പണപ്പെരുപ്പം ഉണ്ടായേക്കും. അത് വിപണിയെ ബാധിക്കും. ഇത് രണ്ടുമായിരിക്കും സംഭവിക്കാവുന്ന പ്രധാന കാര്യങ്ങള്‍.
പിന്നെയുള്ളത് രാഷ്ട്രിയ അനിശ്ചിതത്വമാണ്. നിലവില്‍ അങ്ങനെയൊരു പ്രശ്നമില്ല. എന്നാല്‍ കര്‍ഷക സമരമൊക്കെ വേറൊരു തലത്തിലേക്ക് വന്നാല്‍ അതിനു സാധ്യതയുണ്ട്. വിപണിയെ സംബന്ധിച്ച് ഏത് പാര്‍ട്ടി ഭരിക്കുന്നുവെന്നത് പ്രശ്നമല്ല, പകരം സുസ്ഥിരമായ ഗവണ്മെന്റ് വേണമെന്നതു മാത്രമേയുള്ളൂ. ആ ഗവണ്മെന്റിന്റെ നിയമമെന്തായാലും വിപണി അതിനെ ഉള്‍ക്കൊള്ളും.
ബൈഡന് ഭരണ പരിഷ്കാരണങ്ങളും വിപണി നോക്കുന്ന കാര്യങ്ങളാണ്. യുഎസിലെ മാറ്റങ്ങളായിരിക്കും മറ്റെല്ലാ രാജ്യങ്ങളും പിന്തുടരുക. ഉദാഹരണത്തിന് ട്രംപ് വന്നപ്പോള്‍ കോര്‍പ്പറേറ്റ് ടാക്സ് 15 ശതമാനം കുറച്ചു, അത് പിന്തുടര്ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും കോര്‍പ്പറേറ്റ് ടാക്സ് കുറച്ചിരുന്നു. പുതിയ ഗവണ്മെന്റ് അത് കൂട്ടുകയാണെങ്കില്‍ ബാക്കിയുള്ള രാജ്യങ്ങളും പിന്തുടര്ന്നേക്കാം.
Comments are closed.