ഖല്ബില് നിന്ന് പാടുകയാണ് ആയിഷ സമീഹ; ഇതുവരെ കാണാത്ത ലോകത്തെ കുറിച്ച്
ഇത് വരെ കണ്ടിട്ടില്ലാത്ത ലോകത്തെ സ്വരമാധുര്യം കൊണ്ട് കീഴടക്കുകയാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയും കൊളത്തറ വികലാംഗ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആയിഷ സമീഹ. വൈദ്യരങ്ങാടി വി.പി സിദ്ദീഖിന്റെയും റൈഹാനത്തിന്റെയും മകള്‍ സമീഹയ്ക്ക് ജന്മനാ തന്നെ കാഴ്ചയുണ്ടായിരുന്നില്ല. എല്ലാവരും കൈമലര്‍ത്തിയപ്പോള്‍ അവളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്തു സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്തു നല്‍കാനായി കുടുംബത്തിന്റെ ശ്രമം. മകളുടെ വൈകല്യത്തെ മറികടക്കാന്‍ പ്രവാസ ജീവിതം ഉപേക്ഷിച്ച പിതാവ് സിദ്ധിഖിന്റെ നിശ്ചയദാര്‍ഢ്യം മാതൃകയാവുകയാണ്. തന്റെ മധുരമുള്ള ശബ്ദത്തിലൂടെ ചുറ്റുമുള്ള ലോകം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി മനോഹരമാക്കുകയാണ് അവള്. ഇന്ന് കേരളം അറിയപ്പെടുന്ന ഗായികയും സാംസ്കാരിക സദസുകളിലെയും ചാനല്‍ ഷോകളിലെയും സ്ഥിര സാന്നിധ്യമാണ് ഈ ഏഴാം ക്ലാസുകാരി.
പാട്ടിന്റെ ലോകത്തേക്ക്
പാട്ടിന്റെ ലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ട് വന്നത് ഉമ്മയാണ്. ഉമ്മ അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ റേഡിയോയിലും മറ്റും പാട്ടുകള്‍ വെച്ച് തരുമായിരുന്നു. ഇഷ്ടപെട്ട പാട്ടുകള്‍ ചേച്ചിമാര് പറഞ്ഞു തരുന്നതിനു അനുസരിച്ചു ഞാന്‍ ബ്രെയ്ലി ലിപിയില്‍ എഴുതി പരിശീലിക്കും. സ്കൂളിലെ സംഗീത അധ്യാപകരായ സീനത്ത് ടീച്ചറും കരീം സാറും പാട്ടുകള്‍ പരിശീലിക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. കൂടാതെ നിസാര്‍ തൊടുപുഴ എന്ന ഗുരുവിന്റെ കൂടെ ഇപ്പോഴും ഓണ്‍ലൈനില്‍ പഠിക്കുന്നു. മഞ്ചേരിയില്‍ അഭിലാഷ് സാറിനു കീഴില്‍ കുറച്ച് കാലം ഹിന്ദുസ്ഥാനി പരിശീലിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഒക്കെ ആയിഷ സജീവമാണല്ലോ? ആരാണ് വീഡിയോ അപ്ലോഡ് ചെയ്യാനും മറ്റും സഹായിക്കുന്നത്?
ഉപ്പയാണ് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ അപ്ലോഡ് ചെയ്യുന്നത്. ഫേസ്ബുക്കിലെ വീഡിയോ കണ്ട് നിരവധി ആളുകള്‍ വിളിക്കാറുണ്ട്. ഒരിക്കല്‍ വിനീത് ശ്രീനിവാസന് കോഴിക്കോട് ഒരു പരിപാടിയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പാടാന്‍ അവസരം കിട്ടി. ഞാന്‍ പാടിയ വീഡിയോ കണ്ട് ജി. വേണുഗോപാല്‍ അവസരം കിട്ടുമ്പോള്‍ ഒരുമിച്ചു പാടാം എന്ന് പറഞ്ഞിട്ടുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ്.
ചിത്രേച്ചിയെ കാണാന്‍ മോഹം
എല്ലാ ഗായകരെയും ഇഷ്ടമാണെങ്കിലും കെ എസ് ചിത്രയെയും സിത്താര കൃഷണകുമാറിനെയും നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. ശ്രേയ ജയ ദീപ് ഒരിക്കല്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ചിത്ര ചേച്ചിയെ എന്നെങ്കിലും നേരില്‍ കാണാന്‍ പറ്റും എന്നാണ് പ്രതീക്ഷ. സുഷിന് ഷ്യാമിന്റെ പാട്ടുകളാണ് കൂടുതല്‍ ഇഷ്ടം. പുതിയഗായകരില് സൂരജ് സന്തോഷിനെയാണ് ഇഷ്ടം. എല്ലാ വിധ പാട്ടുകളും പാട്ടുകാരേയും ഇഷ്ടമാണ്. മാപ്പിള പാട്ടുകള്‍ ഇഷ്ടമാണ്. ഇപ്പോള്‍ മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി ആദ്യത്തെ ബ്രൈലി ലിപിയിലുള്ള മാപ്പിളപ്പാട്ട് പുസ്തകം പ്രസിദ്ധീകരിച്ചത് വലിയ സഹായം ആയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യ കോപ്പി അക്കാദമിയുടെ സെക്രട്ടറി റസാഖ് സാറ് എന്റെ വീട്ടില്‍ നേരിട്ടെത്തി സമ്മാനിക്കുകയായിരുന്നു.
സ്കൂള്‍, കൂട്ടുകാര്‍
കോഴിക്കോട് കൊളത്തറ വികലാംഗ സ്കൂളില്‍ ആണ് പഠിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നൊക്കെ ഉള്ള കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. കോവിഡ് ആയതു കൊണ്ട് സ്കൂളില്‍ പോവാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. ഞങ്ങള്‍ക്ക് രണ്ട് വര്‍ഷം പരസ്പരം കേള്‍ക്കാതെ നഷ്ടപെട്ടു.
നിരവധി പരിപാടികളില്‍ ഉദ്ഘാടകയായും മറ്റും വലിയ തിരക്കിലാണല്ലോ
തീരെ പരിചയമില്ലാത്ത ആളുകള്‍ നല്കുന്ന സ്വീകരണങ്ങളും സ്നേഹവും കരുതലും കൂടുതല്‍ പുതിയ പാട്ടുകള്‍ പഠിക്കാന്‍ പ്രചോദനം നല്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബേപ്പൂരില്‍ നടപ്പിലാക്കിയ സൗജന്യ ടെലി സേവനത്തിലേക്ക് ആദ്യ കാള്‍ ചെയ്തത് ഞാനായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കണ്ട് ആണ് പലരും പരിപാടികളിലേക്ക് വിളിക്കുന്നത് .. സോഷ്യല്‍ മീഡിയ ഞങ്ങലെ പോലുള്ളവര്‍ക്ക് വലിയ ഉണര്‍വ്വും ഉത്തേജനവും നല്കുന്നുണ്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒത്തിരി ആളുകളുമായി ഇടപെടാന്‍ ഉപകരിക്കുന്നു. കാഴ്ച പരിമിതിയെ അതിജീവിക്കാന്‍ സോഷ്യല്‍ മീഡിയയിലെ പിന്തുണ വലിയ പങ്കാണ് വഹിക്കുന്നത്. ഒരിക്കല്‍ ഉപ്പ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മിന്നാമിനുങ്ങേ എന്ന പാട്ട് രണ്ട് ലക്ഷത്തോളം ആളുകളാണ് കണ്ടത്.
സോഷ്യല്‍ മീഡിയയില്‍ താരമായതോടെ ധാരാളം പരിപാടികള്‍ക്ക് ഗസ്റ്റ് ആയി വിളിക്കാറുണ്ടെന്നു ഉപ്പ സിദ്ധിഖു പറഞ്ഞു. വലിയ പരിപാടിക്കൊന്നും അവളെ കൊണ്ട് പോവാറില്ല. ചെറിയ കുട്ടിയല്ലേ എന്ന് ഉപ്പ. ഇപ്പോള്‍ മിക്ക സംഘടനകളും വാട്സാപ്പ് കൂട്ടായ്മയില്‍ പരിപാടി സംഘടിപ്പിക്കുന്നത് കൊണ്ട് എളുപ്പമാണ്. എല്ലാവര്ക്കും അവളുടെ പാട്ടുകള്‍ കേള്‍ക്കാന്‍ ആണ് ഇഷ്ടം.
കലോത്സവങ്ങളിലും താരമാണ് കൊച്ചു മിടുക്കി
സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ ആയിഷ നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുണ്ട്. ലളിത ഗാനവും മാപ്പിളപ്പാട്ടും തന്നെയാണ് ഇഷ്ടഇനങ്ങള്‍. കഴിഞ്ഞ കുറച്ചു വര്‍ഷമായി സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവങ്ങളില്‍ മിക്ക ഇനങ്ങളിലും ആയിഷയ്ക്ക് എതിരല്ലെന്ന് തന്നെ പറയാം.
മഹാമാരികാലത്തുപാട്ടുപാടി ബോധവല്‍ക്കരിക്കുകയാണ് ഈ കൊച്ചു മിടുക്കി
കോവിഡ് പ്രതിസന്ധിയുടെ കാലത്തു ഫൈസല്‍ കന്മനം എഴുതി ആയിഷ പാടിയ പാട്ടു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം മറികടന്നു റോഡിലിറങ്ങി നടക്കുന്നവരെ പാട്ടിലൂടെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫൈസലിന്റെ വരികളും ആയിഷയുടെ സ്വരവും ചേര്‍ന്നപ്പോള്‍ ഏറെ ശ്രദ്ധേയമായി. കണ്ണൂര്‍ മമ്മാലിയാണ് സംഗീതം ചെയ്തത്.
മകളെ കൈപിടിച്ച് നടത്താനാണ് ഉപ്പ സിദ്ധിഖ് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയത്. ഇപ്പോള്‍ ഒരു ഓട്ടോ വാങ്ങി ഓടിക്കുകയാണ്. ഇതേ ഓട്ടോയില്‍ തന്നെയാണ് മകളെ സ്കൂളില്‍ വിടുന്നതും പരിപാടികള്‍ക്ക് കൊണ്ട് പോകുന്നതും. ആളുകള്‍ സമീഹയുടെ ഉപ്പയല്ലേ എന്ന് ചോദിച്ചു പരിചയപ്പെടാന്‍ വരുമ്പോള്‍ ഈ ഉപ്പയ്ക്ക് അഭിമാനം മാത്രം. മകളിലൂടെ അറിയപ്പെടാന്‍ കഴിയുന്നതും ഒരു ഭാഗ്യമല്ലേ. ഉപ്പയ്ക്കൊപ്പം ഉമ്മ റൈഹാനതും സഹോദരങ്ങളായ കിയാസത്ത്, കല് ഫാന്‍, സലാമയും അനിയത്തി കുട്ടിയ്ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെത്തന്നെയുണ്ട്. ഓരോ ചോദ്യത്തിനും ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ആയിഷയുടെ ചിരിയും പാട്ടും കൊണ്ട് സ്വര്‍ഗം തീര്‍ക്കുകയാണ് ആ കൊച്ചു കുടുംബം.
Comments are closed.