എസ് എഫ് ഐ എന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ടു: എം ബി രാജേഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിത കാലം ഓര്‍ക്കുന്നു
പട്ടാളക്കാരനായ അച്ഛന് പഠിത്തത്തില്‍ മുന്നിലായിരുന്ന മകന് സിവില്‍ സര്‍വീസസ് ഓഫീസര്‍ ആകണമെന്ന് ആഗ്രഹിച്ചു. കാലം അയാളെ ജനസേവകനാക്കി. രാഷ്ട്രീയക്കാരന്റെ കുപ്പായത്തില്‍ എന്ന് മാത്രം. പഞ്ചപാവമായിരുന്ന ആ വിദ്യാര്‍ത്ഥി പിന്നീട് കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്നണി പോരാളിയായി. അവകാശ സമര പോരാട്ടങ്ങളുടെ നായകനായി. പോലീസിന്റെ ലാത്തിയെ കൂസാത്ത, ലോക്കപ്പും ജയിലും ഭയപ്പെടുത്താത്ത ഉശിരുള്ള സഖാവായി. ഇന്നദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ കേരളത്തിലെ തലയെടുപ്പുള്ള യുവനേതാക്കളില്‍ പ്രമുഖനാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന എം ബി രാജേഷ് കേരളത്തിലെ വിദ്യാര്‍ത്ഥി സമര ചരിത്രത്തിലെ പ്രധാന ഏടായ പോളിടെക്നിക് സമരം രാഷ്ട്രീയത്തിന് സമ്മാനിച്ച ആര്‍ജ്ജവമുള്ള നേതാക്കളില്‍ ഒരാളാണ്. എസ്എഫ്ഐയ്ക്ക് അമ്പത് വയസ്സ് തികയുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന രാജേഷ് സമര സംഘടനാ പ്രവര്‍ത്തനം തന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും സ്വാധീനിച്ചതും, പരിവര്‍ത്തനപ്പെടുത്തിയതും എങ്ങനെയെന്ന് അഭിമുഖം.കോം പ്രതിനിധി രസ്യ രവീന്ദ്രനുമായി സംസാരിക്കുന്നു.
തുടക്കം സ്കൂളില്‍ നിന്ന്
സ്കൂള്‍ കാലഘട്ടത്തിലാണ് ഞാന്‍ എസ് എഫ് ഐയിലേക്കെത്തുന്നത്. വീടിനടുത്തുള്ള എസ് എഫ് ഐയുടെ ചില മുതിര്‍ന്ന നേതാക്കള്‍ എന്നെ കണ്ടെത്തി എസ് എഫ് ഐയിലെത്തിച്ചതാണെന്നു പറയുന്നതാവും ശരി. പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും മാത്രമായിരുന്നു എന്റെ ശ്രദ്ധ. എങ്കിലും ക്ലാസ് ലീഡറായി മത്സരിക്കാറും ജയിക്കാറുമുണ്ടായിരുന്നു. ഇതൊക്കെ കണ്ടാവണം പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവരെന്നെ എസ് എഫ് ഐയുടെ ബാനറില്‍ മത്സരിപ്പിക്കുകയും പിന്നീട് യൂണിറ്റ് സെക്രട്ടറിയാക്കുകയും ചെയ്തത്.
ഒരിക്കല്‍ എസ് എഫ് ഐയുടെ ഒരു പഠന ക്യാംപില്‍ അവരെന്നെ കൊണ്ടു പോയി. അതാണ് യഥാര്‍ത്ഥത്തില്‍ എന്നെ എസ് എഫ് ഐയിലേക്ക് ആകര്‍ഷിച്ചത്. മാര്‍ക്സിസത്തെ കുറിച്ച്, ലോകത്തെ കുറിച്ച് ഒക്കെ പഠിപ്പിച്ച ആ ക്ലാസ് എനിക്കൊരു പുതിയ വെളിച്ചം നല്കി. വായനാ ശീലം നേരത്തെയുണ്ടായിരുന്നെങ്കിലും ഈ ക്യാംപ് എന്നെ രാഷ്ട്രീയ ഉള്ളടക്കമുള്ള വായനയിലേക്ക് തിരിച്ചു വിടാന്‍ പ്രേരകമായി.
എന്താണ് എസ് എഫ് ഐ?, എന്തിനാണ് എസ് എഫ് ഐ? എന്നൊക്കെയുള്ള തിരിച്ചറിവുണ്ടായി. പത്താം ക്ലാസില്‍ തന്നെ സംഘടനാ പ്രവര്‍ത്തനം വളരെ സീരിയസായി എടുത്തു.
കുടുംബത്തിലെ ആദ്യ എസ് എഫ് ഐക്കാരന്
രാഷ്ട്രീയ പ്രവര്‍ത്തനത്തോട് യാതൊരു ആഭിമുഖ്യവും എന്റെ കുടുംബത്തിലാര്‍ക്കും ഉണ്ടായിരുന്നില്ല. പക്ഷേ അച്ഛനും അമ്മയ്ക്കും ഇന്ദിരാഗാന്ധിയോട് വലിയ ആരാധനയായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ അവര്‍ വോട്ട് ചെയ്യുമായിരുന്നുള്ളു. അമ്മയുടെ വീട്ടുകാരാണെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായിരുന്നു. പക്ഷേ ഞാന്‍ എസ് എഫ് ഐയിലെ മുതിര്‍ന്ന ചേട്ടന്‍മാരുമൊക്കെയായി കൂട്ടുകൂടുന്നതിനോട് വീട്ടില്‍ എതിര്‍പ്പില്ലായിരുന്നു ആദ്യം.
കാരണം അവരെല്ലാവരും തന്നെ നന്നായി പഠിക്കുന്നവരും പ്രസംഗിക്കുന്നവരും സല്‍സ്വഭാവികളുമായിരുന്നു. പക്ഷേ ആ സ്വാധീനം എന്നെ എസ് എഫ് ഐയില്‍ എത്തിച്ചതോടെ വീട്ടില്‍ വലിയ പ്രശ്നമായി. വീട്ടില്‍ മാത്രമല്ല സ്കൂളിലും.
ഞാന്‍ എസ് എഫ് ഐയില്‍ ചേര്‍ന്ന് സ്കൂള്‍ ലീഡറായ സമയത്താണ് പോളിടെക്നിക്ക് സ്വകാര്യവത്കരണത്തിന് എതിരായ സമരം നടക്കുന്നത്. സമരത്തിന്റെ നോട്ടീസു കൊടുക്കാനൊക്കെ ഞാന്‍ വിറച്ചു വിറച്ചാണ് സ്കൂളിലേക്ക് പോയത്. സത്യം പറഞ്ഞാല്‍ വിദ്യാര്‍ത്ഥികളെല്ലാവരും കൂടി ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക് എന്നെ തള്ളിയിടുകയായിരുന്നു.
‘കുട്ടിയില്‍ നിന്ന് ഞാനിതൊട്ടും പ്രതീക്ഷിച്ചില്ല’ എന്നാണ് നോട്ടീസ് വായിച്ച ഹെഡ്മാസ്റ്റര് ജനാര്ദ്ധനന് മേനോന് സാര്‍ കണ്ണടയൊക്കെ മാറ്റി വികാരാധീനനായി എന്നോട് പറഞ്ഞത്. പക്ഷെ, അതില്‍ വിഷമം തോന്നിയെങ്കിലും എനിക്ക് കുറ്റബോധമില്ലായിരുന്നു, കാരണം ചെയ്യുന്നത് ശരിയാണ് എന്നൊരു ബോധ്യം എന്നിലുണ്ടായിരുന്നു.
പോളിടെക്നിക്ക് സമരം 27 ദിവസം പഠിപ്പു മുടക്കുന്നതുവരെ നീണ്ടു നിന്നു. അന്നത്തെ എസ് എഫ് ഐ സെക്രട്ടറിയായിരുന്ന മത്തായി ചാക്കാ 14 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടന്നു. ആ സമരം എന്നെ ഉറച്ച എസ് എഫ് ഐക്കാരനാക്കി മാറ്റി. ആ സമരത്തിന്റെ സംഘാടനം, അതിന്റെ അനുഭവങ്ങള്‍ ഒക്കെ വലിയ ധൈര്യം തന്നു. അതുവരെ ഞാന്‍ ഒരു പരമസാധുവായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പ്രകൃതം!.
സ്കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോള്‍ ധൈര്യശാലിയായ, എന്തും നേരിടാന്‍ പറ്റുന്ന എസ് എഫ് ഐക്കാരനായി ഞാന്‍ മാറി. ഒരു ഉറച്ച കേഡര്‍ എന്ന നിലയിലെത്തി. വൈകി വന്നാല്‍ പുറത്തു നിര്‍ത്തുന്ന അവസ്ഥയൊക്കെ അന്ന് വീട്ടിലുണ്ടായിരുന്നു. അത്തരം എതിര്‍പ്പുകളെയൊക്കെ ഞാന്‍ ധൈര്യത്തോടെ നേരിട്ടു.
അച്ഛന് ഒരു ആര്മിക്കാരനായിരുന്നതുകൊണ്ടു തന്നെ എല്ലാത്തിലും വലിയ ചിട്ടയായിരുന്നു. രാഷ്ട്രീയം എന്നത് അച്ഛനും അമ്മയ്ക്കും ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. രാഷ്ട്രീയത്തിലായാല്‍ എന്തെങ്കിലും അക്രമങ്ങളൊക്കെയുണ്ടാകുമോ എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയുള്ള ഭയം അവര്ക്കെപ്പോഴുമുണ്ടായിരുന്നു. പക്ഷേ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നതിനാല്‍ വലിയ എതിര്‍പ്പൊന്നും പിന്നീട് വീട്ടുകാരില്‍ നിന്ന് ഉണ്ടായിരുന്നില്ല. ക്ലാസിലൊന്നും സ്ഥിരമായി കയറില്ലെങ്കിലും സ്റ്റഡി ലീവിന് തലകുത്തി നിന്ന് പഠിച്ച് മാര്‍ക്ക് നേടുമായിരുന്നു.
ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ ചളവറ സ്കൂളിലേക്കുള്ള നടത്തം
അഞ്ചു കീലോമീറ്റര്‍ ദൂരയെുള്ള ചളവറ സ്കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. നടന്നു വേണമായിരുന്നു അങ്ങോട്ട് പോകാന്‍. ബസില്‍ പോകാവുന്ന സ്കൂള്‍ വേറെ ഉണ്ടായിരുന്നു ഷൊര്‍ണൂരില്‍. എന്റെ പല കൂട്ടുകാരും അവിടെയാണ് ചേര്‍ന്നത്. ഞാന്‍ സ്വയം തെരഞ്ഞടുത്തതാണ് ചളവറ സ്കൂള്‍. ഒരിക്കല്‍ സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതാന്‍ അവിടെ പോയിട്ടുണ്ട്. ധാരാളം പൂമരങ്ങള്‍ ഒക്കെയുള്ള ആ അന്തരീക്ഷം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അവിടെ പഠിക്കാനായതും എന്നില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വലിയ ചരിത്രമുള്ള നാടാണ് ചളവറ. 1957 ല്‍ ആദ്യത്തെ ഗവണ്മെന്റിന്റെ കാലത്ത് എം എല്‍ എ ആയിരുന്ന പി വി കുഞ്ഞുണ്ണി നായര്‍ ചളവറക്കാരനാണ്. കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ നിന്ന് വിപ്ലവകരമായ നിരവധി നവോത്ഥാന പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഐ സി പി നമ്പൂതിരി ചളവറക്കാരനാണ്. അന്നും ഇന്നും ഞങ്ങള്‍ക്ക് അടുപ്പമുള്ള ഒരു കുടുംബമാണത്. നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാ വിവാഹം ഐ സി പിയുടെ സഹോദരിയുടേതാണ്. അതേ പോലെ ആദ്യത്തെ വിജാതീയ വിവാഹം ഐ സി പിയുടെ മറ്റൊരു സഹോദരിയുടേതാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച 1948 കാലഘട്ടത്തില്‍ ഇ എം എസ്, എ കെ ജി, കൃഷ്ണ പിള്ള തുടങ്ങിയ സഖാക്കളെല്ലാം ഒളിവിലിരുന്ന സ്ഥലം കൂടിയാണ് ചളവറ. വലിയ പാരമ്പര്യമുള്ള, ധീരസാഹസികരായ ധാരാളം കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെയുണ്ടായിരുന്നു. പാര്‍ട്ടിയുടെ ആ ചരിത്രം തുടിക്കുന്ന വഴികളിലൂടെ സ്കൂളിലേക്കുള്ള നടപ്പ് എന്നെ മാറ്റി മറിച്ചെന്നു പറയാം.
ആത്മവിശ്വാസം പകര്‍ന്ന ആദ്യ അനുഭവം
പോളിടെക്നിക്ക് സമരം നടക്കുന്ന സമയത്ത് ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോള്‍ ലീഗിന്റെ കുറച്ചു പേര് ചേര്‍ന്ന് കല്ലും വടിയുമൊക്കെയായി എന്നെ തടഞ്ഞു നിര്‍ത്തി. അവര്‍ കൈകൊണ്ട് എന്റെ രണ്ടു കവിളിലും അടിച്ചു. ആദ്യം ഒരു ഭയം തോന്നിയെങ്കിലും എവിടുന്നോ ഒരു ധൈര്യം കിട്ടി ഞാന്‍ പിടിച്ചു നിന്നു. പിറ്റേ ദിവസം ഇതറിഞ്ഞ് കോളജില്‍ ഉള്ള ഒരു നേതാവ് സ്കൂളില്‍ വന്നു.
ആയിരം കുട്ടികളെ നയിച്ചുകൊണ്ട് ലീഗ് കേന്ദ്രത്തിലേക്ക് ഒരു പ്രകടനം നടത്തി. എം ബി രാജേഷിനെ തൊട്ടാല്‍ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമൊന്നൊക്കെ പറഞ്ഞ് അദ്ദേഹം പ്രസംഗിക്കുകയൊക്കെ ചെയ്തു. അത് എനിക്ക് വല്ലാത്ത ആത്മവിശ്വാസമായി. കാരണം എനിക്ക് വേണ്ടി സംസാരിക്കാന്‍ ആളുണ്ടെന്ന ധൈര്യം വന്നു. അന്ന് പതിനഞ്ചുവയസായിരുന്നു എനിക്ക്.
തൊട്ടടുത്ത വര്‍ഷം ഒറ്റപ്പാലം എന്‍ എസ് എസ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ഇപ്പോഴത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു അന്ന് കോളജിലെ എസ് എഫ് ഐയുടെ നേതാവ്. ഡിഗ്രി അവസാനവര്‍ഷം പഠിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ അവിടേക്ക് ചെല്ലുന്നതിനു മുന്‍പ് തന്നെ അവര്‍ക്ക് വിവരം കിട്ടിയിരുന്നു, ചളവറ സ്കൂളില്‍ നിന്ന് ഒരു ഉറച്ച എസ് എഫ് ഐക്കാരന് വരുന്നുണ്ടെന്ന്.
ശ്രീരാമകൃഷ്ണന് അതിനു മുന്‍പേ എന്നെ നോട്ടമിട്ടുണ്ടായിരുന്നു. ആദ്യമൊരു ക്യാംപില്‍ പങ്കെടുത്തെന്നു പറഞ്ഞില്ലേ? അന്ന് കോളജില്‍ നിന്ന് ക്യാംപില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ശ്രീരാമകൃഷ്ണനുമുണ്ടായിരുന്നു. അന്ന് ക്ലാസ് എടുത്ത ഒരു അദ്ധ്യാപകന് ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തെ കുറിച്ച് പറയുകയായിരുന്നു.
അപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ പേര് ആര്‍ക്കെങ്കിലും അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ഞാനാണ് ചാടി എഴുന്നേറ്റ് പീറ്റര്‍ ബോത്ത എന്ന് പറഞ്ഞത്. ആ ഉത്തരം പറഞ്ഞതിലൂടെ എന്നെ നോട്ടമിട്ടാതാണെന്ന് ശ്രീരാമകൃഷ്ണന് പിന്നീടെപ്പോഴും പറയുമായിരുന്നു.
സ്റ്റോണ്‍ വാഷ് ഷര്‍ട്ടും ഒരു തോള് സഞ്ചിയുമൊക്കെയാണ് അന്ന് എന്റെ വേഷം. അതുകൊണ്ട് കാഴ്ചയില്‍ തന്നെ ഞാന്‍ ഒരു എസ് എഫ് ഐക്കാരനാണെന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്. ഞാന്‍ കോളജില്‍ ചെന്നതിനു ശേഷം ആദ്യം നടന്ന പ്രകടനം മണ്ഡേലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. അഞ്ഞൂറോളം കൂട്ടികളായിരുന്നു അതില്‍ പങ്കെടുത്തത്.
ലോകത്തിന്റെ ഒരു വിദൂര കോണില്‍ കിടക്കുന്ന ഒരു മനുഷ്യനു വേണ്ടി, നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എസ് എഫ് ഐ ഉയര്‍ത്തിയ ശബ്ദം എന്നെ എത്രമാത്രം ആവേശ ഭരിതനാക്കി എന്നു പറയാനാകില്ല.
ബെഞ്ചമിന്‍ മൊളോയ്സിന്റെ കവിതാ ശകലങ്ങളൊക്കെയാണ് അന്ന് പോസ്റ്ററുകളില്‍ വരുന്നത്. സര്ഗ്ഗാത്മകമായവരുടെ ഒരു സംഘമായിരുന്നു അന്ന് എസ് എഫ് ഐ. എഴുതുന്നവര്‍, വരയ്ക്കുന്നവര്‍, പാടുന്നവര്‍ ഒക്കെ എസ് എഫ് ഐയില്‍ ഉണ്ടായിരുന്നു. എന്‍ എസ് എസ് കോളജിലെ പഠന കാലം എന്നെ കൂടുതല്‍ സര്‍ഗ്ഗാത്മകതയുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനാക്കി.
പ്രധാനമായും ഒരു സംഘാടകന്റെ റോളിലാണ് ഞാന്‍ നിന്നിരുന്നത്. ഏഴു വര്‍ഷത്തെ കോളജ് പഠനത്തിനിടയില്‍ ഒറ്റത്തവണ മാത്രമേ മത്സരിച്ചിട്ടുള്ളു. അക്കാലത്ത് തന്നെ എസ് എഫ് ഐയുടെ മറ്റ് ഉത്തരവാദിത്തങ്ങളിലേക്ക് കടന്നിരുന്നു. എസ് എഫ് ഐയുടെ ഏരിയ സെക്രട്ടറി, കോളജ് യൂണിറ്റ് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം ഒക്കെയായിരുന്നു.
എം എയ്ക്ക് പഠിക്കുമ്പോഴാണ് എസ് എഫ് ഐ ജില്ലാ പ്രസിഡന്റാകുന്നത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ തിരക്ക് കൂടിയതോടെ എം എയ്ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല. അതോടെ വീട്ടില്‍ ചെറിയ പ്രശ്നമൊക്കെ തുടങ്ങി. അങ്ങനെ അവരുടെ എതിര്‍പ്പ് കുറയ്ക്കാനാണ് എല്‍ എല്‍ ബിയ്ക്ക് ചേര്‍ന്നത്. ആ സമയത്ത് സംസ്ഥാന സെക്രട്ടറിയുമായി. പിന്നെ പ്രവര്‍ത്തനം വീണ്ടും ശക്തമായി.
ഒരു സിവില്‍ സര്‍വീസുകാരനായി കാണാനായിരുന്നു വീട്ടിലുള്ളവര്‍ക്ക് ആഗ്രഹം. അതാണ് ചെറുപ്പം മുതല്‍ അവര്‍ എന്നെ വായിക്കാന്‍ പ്രോത്സാഹിപ്പിച്ചത്. പക്ഷേ സര്‍ക്കാര്‍ ജോലിയെന്നൊരു ചിന്ത എനിക്കൊരിക്കലുമുണ്ടായിരുന്നില്ല.
അഭിമാനകരമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍
എസ് എഫ് ഐ ഒരു പാഠശാലയാണ്. ഇത്രയും ചെറിയ പ്രായത്തില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സമ്മാനിക്കുന്ന മറ്റൊരു സ്ഥലമുണ്ടാകില്ല. കോളജ് യൂണിയന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, കലോത്സവങ്ങള്‍ സംഘടിപ്പിക്കുക, നമ്മുടെ എല്ലാത്തരത്തിലുമുള്ള സംഘാടന കഴിവ്, ക്രിയേറ്റിവിറ്റി ഇതിന്റെയൊക്കെ വലിയ സാധ്യതകള്‍ തുറന്നു തന്നൊരു കാലമാണത്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പിറവി സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ പ്രേംജിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കോളജ് മാഗസിനു വേണ്ടി അഭിമുഖം ചെയ്തതും ഷാജി എന്‍ കരുണിനെ അഭിമുഖം ചെയ്തതുമൊക്കെ അനുസ്മരണീയ അനുഭവങ്ങളാണ്.
എസ് എഫ് ഐ സഹപ്രവര്‍ത്തകനായ പി മധുവുമായാണ് പ്രേംജിയെ കാണാന്‍ പോയത്. അന്ന് ഞങ്ങള്‍ക്കായി മാത്രം പ്രേംജി നവരസങ്ങള്‍ അഭിനയിച്ചു കാണിച്ചു. ഷാജി എന്‍ കരുണ്‍ എന്റെ ഒരു ചോദ്യത്തോട് അല്‍പ്പം രോഷത്തോടെ പ്രതികരിച്ചതും ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
കെ എസ് യു വിന്റെ ശക്തികേന്ദ്രമായിരുന്നു ഒറ്റപ്പാലം എന്‍ എസ് എസ് കോളജ്. തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ സ്ഥിരമായി തോല്ക്കാറാണ് പതിവ്. ഒരിക്കല്‍ എസ് എഫ് ഐ അട്ടിമറി ജയം നേടി. ആ കോളജ് യൂണിയന് ഉദ്ഘാടനം ചെയ്തത് അഴീക്കോട് മാഷും ആര്‍ട്സ് കോളജ് ഉദ്ഘാടനം ചെയ്തത് ഒഎന്‍വി മാഷുമാണ്. രണ്ടു പേരെയും ഒരേ വേദിയില്‍ കൊണ്ടു വരാനായതൊക്കെ മറക്കാനാകാത്ത അനുഭവമാണ്.
അഴീക്കോട് മാഷിനെ വിളിക്കാന്‍ ചെറുതുരുത്തിയിലെ ഇപ്പോഴത്തെ പാര്‍ട്ടി നേതാവ് സുലൈനുമായാണ് പോകുന്നത്. നട്ടുച്ചയ്ക്കാണ് അഴീക്കോട് മാഷിന്റെ വീട്ടിലെത്തുന്നത്. ഞങ്ങളെ കണ്ടപാടെ മാഷ് പറഞ്ഞത് കോളജിലേക്ക് വരില്ലെന്നാണ്. എന്നാല്‍ ഞങ്ങള്‍ വിട്ടില്ല. മാഷ് സമ്മതിക്കാതെ ഇവിടെ നിന്ന് പോകില്ലെന്നൊക്കെ പറഞ്ഞു. അവസാനം മാഷ് സമ്മതിച്ചു. അന്ന് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു.
കോളജില്‍ പ്രസംഗത്തിനിടെ മാഷ് ഞങ്ങളെ കുറിച്ച് എടുത്ത് പറയുകയും ചെയ്തു. മരിക്കുന്നതു വരെയും അദ്ദേഹവുമായി നല്ല ബന്ധം തുടരാനും സാധിച്ചു. പിന്നീട് കടമ്മനിട്ട, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിങ്ങനെ കൊണ്ടു വരണമെന്ന് ആഗ്രഹിച്ച പലരേയും അവടെ കൊണ്ടു വരാനായി.
അകാലത്തില്‍ പൊലിഞ്ഞ മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി രാജലക്ഷ്മി അനുസ്മരണം ഉള്‍പ്പെടെയുള്ള നിരവധി പരിപാടികള്‍ നടത്തി. ആ കോളജിലെ അദ്ധ്യാപികയായിരുന്നു രാജലക്ഷ്മി എന്നത് ഞങ്ങള്‍ക്ക് കേട്ടറിവ് ആയിരുന്നു. ഞങ്ങളുടെ യൂണിയനാണ് ആദ്യമായി രാജലക്ഷ്മി അനുസ്മരണം സംഘടിപ്പിച്ചത്.
സമരങ്ങള്‍ നല്കിയ അനുഭവങ്ങള്‍
1994 ല്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ് കൂത്തുപറമ്പ് പോലീസ് വെടിവയ്പ് നടക്കുന്നത്. അതിനെതിരെ പാലക്കാട് നടന്ന പ്രതിഷേധ പ്രകടനം വലിയ സംഘര്‍ഷത്തിലെത്തി. പോലീസ് തോക്കുമായി ഞങ്ങള്‍ക്കു മുന്നിലേക്ക് ചാടിയിറങ്ങി. സമരപന്തലിലേക്ക് ഇരച്ചു വന്ന പോലീസിനെ ഞങ്ങള്‍ അമ്പതോളം വിദ്യാര്‍ത്ഥികളും അന്ന് എം എല്‍ എ ആയിരുന്ന എം നാരായണനും ചേര്‍ന്ന് നിന്ന് പ്രതിരോധിച്ചു.
94 ല്‍ തന്നെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറിനെ കരിങ്കൊടി കാണിച്ചതിന് കഠിന മര്‍ദ്ദനത്തിനിരയാകുകയും പിന്നീട് ജയില്‍ കിടക്കേണ്ടിയുമൊക്കെ വന്നു. ഇപ്പോള്‍ എന്റെ ഭാര്യയായ നിനിത കണിച്ചേരിയും അന്ന് ക്രൂരമര്‍ദ്ദനം ഏറ്റു വാങ്ങിയ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
എംപി ആയിരിക്കെ മലയാള മനോരമ പാലക്കാട് നടത്തിയ ഒരു എക്സിബിഷന് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. പതിവിനു വിപരീതമായി കുടുംബ സമേതം വരണമെന്ന അവര്‍ നിര്‍ബന്ധിച്ചു. ഉദ്ഘാടനം കഴിഞ്ഞ് പ്രദര്‍ശനം കാണുമ്പോഴാണ് നിനിതയെ മര്‍ദിക്കുന്ന ചിത്രങ്ങള്‍ അതില്‍ ഉള്ള കാര്യം അറിയുന്നത്.( അമ്മയെ പോലീസ് തല്ലുന്നത് കണ്ട മക്കള്‍ ഞെട്ടി).
അന്ന് ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് വീട്ടില്‍ പോകാന്‍ ധൈര്യമില്ലായിരുന്നു. കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടിലെത്തിയത്. ശരീരത്തിലെ ലാത്തിയടിയുടെ പാടുകള്‍ കരുവാളിച്ച് കിടക്കുന്നത് കണ്ട് അമ്മ പൊട്ടിക്കരഞ്ഞതൊക്കെ ഇപ്പോളും ഓര്‍മയുണ്ട്.
ലാത്തിചാര്‍ജ് നേരിട്ട നിരവധി അനുഭവങ്ങള്‍ വേറെയുമുണ്ടായി. തിരുവനന്തപുരത്ത് ഒരു ലാത്തി ചാര്‍ജില്‍ എന്നെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യം യാദൃശ്ചികമായി ടിവിയില്‍ കണ്ടതും അമ്മയ്ക്ക് താങ്ങാനായില്ല. ആ ലാത്തി ചാര്‍ജിന്റെ വീഡിയോ ഒരു സുഹൃത്ത് എനിക്ക് ഈയിടെ അയച്ചു തരികയുണ്ടായി. അതുകണ്ടപ്പോഴാണ് പഴയ ഓര്‍മകള്‍ വന്നത്.
വിളനിലത്തിന്റെ കാറിനുമുമ്പില്‍ കരിങ്കൊടിയുമായി ചാടി കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ യു പി ജോസഫും അടിയേറ്റ് തലതകര്‍ന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് ആഷിഖും കരുണാകരനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ വസ്ത്രങ്ങള്‍ മുഴുവന്‍ പിച്ചിചീന്തി അര്‍ദ്ധനഗ്നായി തല്ലിചതക്കപ്പെട്ട പി രാജീവും കൈയ്യൊടിഞ്ഞ ബാലഗോപാലും പോലീസ് മര്‍ദ്ദനമേറ്റ് മുഖം മുഴുവന്‍ ചോരയില്‍ കുളിച്ചു നില്ക്കുന്ന ഗീനാകുമാരിയുമൊക്കെ തൊണ്ണൂറുകളിലെ മറക്കാനാവാത്ത സമരചിത്രങ്ങളാണ്.
ലാത്തിയെ പേടിയില്ല, ബൈക്ക് ഓടിക്കാന്‍ പേടി
സമരവും പ്രതിഷേധവും ലാത്തിചാര്‍ജുമൊക്കെ പലതവണയുണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും അതിനോടൊരു ഭയം തോന്നിയിട്ടില്ല. സ്വന്തം കാര്യത്തിനല്ല, സമൂഹ്യമായ ഒരാവശ്യത്തിനാണ് മുന്നില്‍ നില്ക്കുന്നതെന്ന വിശ്വാസമാണ് ആ ധൈര്യത്തിന് കാരണമെന്ന് തോന്നുന്നു. പക്ഷേ ഒരു ബൈക്ക് ഓടിക്കാന്‍ പറഞ്ഞാല്‍ എനിക്ക് പേടിയാണ്.
എന്റെ പല സുഹൃത്തുക്കളും കളിയാക്കാറുണ്ട്. പോലീസിനു മുന്‍പിലൊക്കെ ധൈര്യത്തോടെ നില്ക്കുന്ന ആള്‍ക്ക് വണ്ടിയോടിക്കാന്‍ പേടിയാണെന്ന് പറഞ്ഞ്. അടുത്ത കാലത്താണ് ഡ്രൈവിംഗ് പഠിച്ചത്.
എം പി അല്ലാതായതോടു കൂടി ഡ്രൈവിംഗ് പഠിക്കാന്‍ നിര്ബന്ധിതനാവുകായായിരുന്നു. ഇപ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊക്കെ സ്വയം ഡ്രൈവ് ചെയ്ത് പോകാറുണ്ട്. എന്നാലും അതിനോടൊരു പേടി ഇപ്പോഴുമുണ്ട്.
ഓര്‍മയിലെ ചില നൊമ്പരങ്ങള്‍
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് ഒരു ജാഥ നയിച്ചു. പത്തനംതിട്ടയിലെ കൊടുമണ്ണില്‍ ജാഥയുടെ സമാപനം കഴിഞ്ഞ് യാത്രയാകാന്‍ നില്ക്കുമ്പോള് ഒരു ചെറുപ്പക്കാരന് പരിചയപ്പെടാന്‍ വന്നു. രാജേഷ് എന്ന് തന്നെയായിരുന്നു അയാളുടേയും പേര്. പന്തളം എന്‍ എസ് എസ് കോളജില്‍ എസ് എഫ് ഐ നേതാവായിരുന്നു. കോളജിലെ ഒരു പരിപാടിക്ക് വരണമെന്ന് ക്ഷണിച്ചു.
ഞങ്ങള്‍ ഫോണ്‍ നമ്പറൊക്കെ കൊടുത്ത് അവിടെ നിന്ന് പിരിഞ്ഞ് രാത്രി പത്തനംതിട്ട ടൗണിലെത്തി ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ ഒരു ഫോണ്‍ വന്നു. രാജേഷിനെ അവിടെ വച്ച് കേരള ദളിത് പാന്തേഴ്സ് എന്നൊരു സംഘടനയുടെ ആള്ക്കാര് കുത്തി കൊന്നുവെന്ന്. രാജേഷിനെ കണ്ടു മുട്ടി പിരിഞ്ഞ് പതിനഞ്ചു മിനിറ്റിനുള്ളിലാണ് അത്രയും ദാരുണമായ ഒരു സംഭവം നടക്കുന്നത്. വളരെ നടുക്കമുണ്ടാക്കിയ അനുഭവമായിരുന്നു അത്.
അത്തരത്തില്‍ വേദനപ്പിച്ച ഒന്നാണ് കെ വി സുധീഷിന്റെ രക്തസാക്ഷിത്വം. ഒരു ദിവസം പുലര്‍ച്ചയ്ക്ക് പാലക്കാട് കുഞ്ഞിരാമന് മാസ്റ്റര്‍ സ്മാരക മന്ദിരത്തിലെ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഉറക്കച്ചടവില്‍ ഫോണ്‍ എടുത്തു. ആ സമയത്ത് ഫോണ്‍ വരുമ്പോള്‍ തന്നെ അസ്വാഭാവികതയുണ്ട്. എറണാകുളത്ത് നിന്ന് പി രാജീവ് ആണ് വിളിക്കുന്നത്.
നമ്മുടെ സുധീഷ്… എന്ന് പറഞ്ഞ് ബാക്കി പറായാനാകാതെ നില്‍ക്കുകയാണ് രാജീവ്. പിന്നെയാണ് പറയുന്നത് ആര് എസ് എസുകാര്‍ സുധീഷിനെ കൊന്നുവെന്ന്. ഒരു മണിക്കോ മറ്റോ ആണ് സംഭവം. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അടുപ്പമുള്ള ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട സഖാവായിരുന്നു സുധീഷ്. സുധീഷാണ് എനിക്ക് എല്‍ എല്‍ ബിക്ക് ചേരാനുള്ള ഫോം ഒക്കെ അയച്ച് തരുന്നത്.
ഒപ്പം നല്ല കൈയ്യക്ഷരത്തില്‍ ഒരു പോസ്റ്റ് കാര്‍ഡും ഉണ്ടായിരുന്നു. വളരെ സൗമ്യനായ സുധീഷ് രാഷ്ട്രീയ പകപോക്കലിന് ഇരയായതാണ്. ഇടുക്കിയിലെ ജില്ലാ സമ്മേളനം കഴിഞ്ഞ് വീട്ടില്‍ വന്നു കിടന്ന സുധീഷിനെ ഒരു സംഘം ആള്ക്കാര് ചേര്‍ന്ന് അച്ഛന്റേയും അമ്മയുടേയും മുന്നിലിട്ട് വളരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോഡി ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ എത്തിയ അന്നത്തെ തലശേരി സബ്കളക്ടര്‍ ഇഷിത റോയ് ബോധരഹിതയായി വീണു.
എസ് എഫ് ഐയുടെ മഹത്തായ സംഭാവനകള്‍
എസ് എഫ് ഐ രാഷ്ട്രിയ പ്രവര്‍ത്തനത്തിന് നല്കിയ സംഭവാനകളെ കുറിച്ചു മാത്രമാണ് ആളുകള്‍ക്ക് കൂടുതല്‍ അറിയുന്നത്. അതിനപ്പുറം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിബദ്ധതയുള്ള, അനേകം പ്രതിഭാശാലികളെ എസ് എഫ് ഐ സംഭാവന ചെയ്തിട്ടുണ്ട്.
പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഇതിലുള്‍പ്പെടും. അതോടൊപ്പം മാനവികതയും ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള സാധാരണക്കാരായ ആയിരക്കണക്കിന് ആള്‍ക്കാരെയും എസ് എഫ് ഐ വാര്‍ത്തെടുത്തിട്ടുണ്ട്. ആധുനിക കേരളത്തെ പുരോഗമന പരമായി നിലനിര്‍ത്തുന്നതില്‍ എസ് എഫ് ഐ നല്കിയ സംഭാവന വളരെ വലുതാണ്.
ഉന്നത പദവികളിലൊക്കെയിരിക്കുന്ന പലരും പരിചയപ്പെടുമ്പോള്‍ അഭിമാനത്തോടെ പറയാറുണ്ട് തങ്ങളും എസ് എഫ് ഐ ആയിരുന്നുവെന്ന്. എന്‍ റാം, പി സായിനാഥ് തുടങ്ങിയവരെല്ലാം പെട്ടെന്ന് ഓര്‍മ്മ വരുന്ന ചില പേരുകളാണ്. ഏത് രംഗത്ത് പോയാലും എസ് എഫ് ഐ അനുഭവങ്ങള്‍ അവര്‍ക്കൊരു മുതല്കൂട്ടായിരിക്കും.
സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമൊക്കെ ഇന്ത്യന്‍ ഇടതു പക്ഷത്തിന്റെ സമുന്നതരായ നേതാക്കളാണ്. അവരെല്ലാം എസ് എഫ് ഐയിലൂടെ വന്നവരാണ്. രാഷ്ട്രീയത്തിനു പുറത്തും അതുപോലെ നിരവധി ആളുകളെ എസ് എഫ് ഐ സംഭാവന ചെയ്തിട്ടുണ്ട്.
എല്ല തരത്തിലുള്ള വിഘടന വാദത്തിനെതിരെയും തീവ്രവാദത്തിനെതിരെയും പോരാടിയ ഒരു പ്രസ്ഥാനമാണ് എസ് എഫ് ഐ. ഇടതു പക്ഷത്തിന് സ്വാധീനമില്ലാത്ത ഉത്തരേന്ത്യന്‍ ക്യാംപസുകളിലും എസ് എഫ് ഐ ഒരു സ്വാധീന ശക്തിയായി വളരാന്‍ കാരണമിതാണ്. ഷിംല യൂണിവേഴ്സിറ്റി എത്രയോ കാലമായി എസ് എഫ് ഐയാണ് ഭരിക്കുന്നത്.
എസ് എഫ് ഐയുടെ ഭാരവാഹിത്വം വഹിക്കുമ്പോള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന വിഷയങ്ങള്‍ അത്രയും വൈവിധ്യമാര്‍ന്നതും സങ്കീര്‍ണമായതുമാണ്. ഒരു തരം നേതൃത്വ പരിശീലനം തന്നെ നമ്മളറിയാതെ നമുക്ക് ലഭിക്കുകയാണ്.
പ്രശ്നങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാന്‍, മനസിലാക്കാന്‍, അതിലിടപെടാന്‍, അത് പരിഹരിക്കാന്‍ ഒക്കെയുള്ള വലിയ ഒരു അനുഭവ പാഠം എസ് എഫ് ഐ നല്‍കുന്നുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികളുടെ പ്രശ്നം മുതല്‍ പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികളുടേയും പി എച്ച്ഡിക്കാരുടെയും വരെ പ്രശ്നങ്ങള്‍ എസ് എഫ് ഐ പരിഹരിക്കുന്നു.
ട്രേഡ് യൂണിയനിലായിരിക്കും ഒരുപക്ഷേ ഇത്രയും സങ്കീര്‍ണവും വൈവിധ്യവുമായ പ്രശ്നങ്ങള്‍ വേറെ കൈകാര്യം ചെയ്യേണ്ടി വരിക എന്ന് തോന്നുന്നു. എന്നെ പോലെ നാട്ടിന് പുറത്തു നിന്ന് വന്ന ഒരാള്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും തോന്നാതെ പാര്‍ലമെന്റിലൊക്കെ ഇടപെടാന്‍ ആത്മവിശ്വാസം തന്നത് എസ് എഫ് ഐയിലൂടെ ആര്‍ജിച്ച പരിശീലനമാണ്.
അക്കാദമിക ഇടപെടലുകള്‍
ഡി പി ഇ പി വിവാദം എന്ന പേരില്‍ പ്രൈമറി പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരായ സംഘടിത ആക്രമണം നടക്കുന്നത് പുത്തലത്ത് ദിനേശനും ഞാനും എസ് എഫ് ഐ ഭാരവാഹികളായിരിക്കുമ്പോഴാണ്. അന്ന് പാഠ്യപദ്ധതി പരിഷ്കരണത്തെകുറിച്ച് പഠിക്കാന്‍ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ വിചക്ഷണരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയെ വച്ചത് ശ്രദ്ധേയമായൊരു ഇടപെടലായിരുന്നു.
കേരള വൈസ് ചാന്‍സലറായിരുന്ന ജി ബി ബാലമോഹന് തമ്പിയായിരുന്നു അദ്ധ്യക്ഷന്‍. ഒ എന്‍ വിയും ടിഎന്‍ ജയചന്ദ്രന് ഐ എ എസും ഹൃദയകുമാരി ടീച്ചറും ആര് വി ജി മേനോനും ഉള്‍പ്പടെ പലരും അംഗങ്ങളായിരുന്നു. ആ കമ്മീഷന്റെ റിപ്പോര്‍ട്ട് പാഠ്യപദ്ധതി പരിഷ്കരണത്തെകുറിച്ചുള്ള ആഴത്തിലുള്ള പഠനമായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരായ ദുഷ്പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ ആ പഠനത്തിന് കഴിഞ്ഞു.
90 കളുടെ മധ്യത്തില്‍ തന്നെ എസ് എഫ് ഐ ഒരു തിരിച്ചറിവിലെത്തിയിരുന്നു. പ്രത്യക്ഷ സമരങ്ങളോടൊപ്പം വിദ്യഭ്യാസത്തിന്റെ ഉള്ളടക്കത്തെ നവീകരിക്കാനും നിലവാരമുയര്‍ത്താനുമുള്ള ഇടപെടലുകള്‍ക്കു കൂടി എസ് എഫ് ഐ നേതൃത്വം കൊടുക്കണമെന്ന്.
അത് സമരത്തിന്റെ ഒരു അക്കാദമിക തലമായി എസ് എഫ് ഐ കണ്ടു. അങ്ങനെയാണ് സഖാവ് കെ എന്‍ ബാലഗോപാലന് സെക്രട്ടറിയായിരിക്കെ 1997 ലെ കൊല്ലം സമ്മേളനം ഒരു ബദല്‍ വിദ്യാഭ്യാസ നയരേഖ മുന്നോട്ടു വച്ചത്. എത്ര ഗൗരവത്തോടെയാണ് എസ് എഫ് ഐ വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ ഇടപെട്ടത് എന്നതിന്റെ തെളിവാണ് അതൊക്കെ. വെറുതെ സമരം ചെയ്യുകയല്ല, ബദല്‍ നയരേഖയാണ് മുന്നോട്ട് വയ്ക്കുകയാണ്.
എങ്ങനെയായിരിക്കണം വിദ്യാഭ്യാസം, ഇപ്പോഴത്തെ നയം മാറ്റി പകരം എന്താവണം നടപ്പിലാക്കേണ്ടത് എന്നതിനെ കുറിച്ചൊക്കെ ആധികാരമായി അഭിപ്രായം രേഖപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരു സംഘടനയാണ് എസ് എഫ് ഐ എന്ന് ആ ഇടപെടലുകള്‍ തെളിയിച്ചു.
അക്കാദമിക ഇടപെടലുകളുടെ തുടര്‍ച്ചയായിരുന്നു പി രാജീവ് എസ് എഫ് ഐ സെക്രട്ടറിയായിരിക്കെ കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി റിസര്‍ച്ചര്‍ എന്നൊരു പബ്ലിക്കേഷന്‍ ആരംഭിക്കുന്നത്്. 2000ത്തില്‍ എസ് എഫ് ഐ നേതൃത്വത്തിലുള്ള സര്‍വകലാശാലാ യൂണിയനുകള്‍ എല്ലാം ചേര്‍ന്ന് ഡോ.പ്രഭാത് പട്നായിക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരെ ഉള്‍പ്പെടുത്തി ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷന് രൂപീകരിക്കുകയുണ്ടായി.
കേരളത്തില്‍ അതിനു മുന്‍പ് സര്‍ക്കാര്‍ പോലും ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചിട്ടില്ല. ആ കമ്മീഷന് റിപ്പോര്‍ട്ടും ഉന്നതവിദ്യാഭ്യാസ നയരൂപീകരണത്തിന് വിലമതിക്കാനാകാത്ത ഒരു സംഭാവനയാണ്. അങ്ങനെ വലിയ നിരവധി അക്കാദമിക് ഇന്റര്‍വെന്‍ഷനുകള്‍ എസ് എഫ് ഐ നടത്തിയിട്ടുണ്ട്.
സ്വാശ്രയ കോളജുകള്‍ സാമൂഹിക നിയന്ത്രണത്തിന് വിധേയമാകണം എന്ന കാഴ്ചപ്പാട് എസ് എഫ് ഐ മുന്നോട്ടു വച്ചതാണ്്. തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ആഗോളവത്കരണത്തിനെതിരായി നടന്ന ഏറ്റവും ശക്തവും സംഘടിതവുമായ ചെറുത്ത് നില്‍പ്പ് കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടത്തിനെതിരായി എസ് എഫ് ഐയുടെ നേതൃത്വത്തിലാണെന്ന് നിസംശയം പറയാനാകും. ഇന്നിപ്പോള്‍ കര്‍ഷകര്‍ നടത്തുന്ന സമരമൊക്കെ അതിന്റെ ഇങ്ങേത്തലയാണ്.
സ്കൂളില്‍ പഠിക്കുന്ന സമയത്ത് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുന്നതിനായി തെരുവില്‍ സമരം നടത്തിയ എസ് എഫ് ഐ നേതാക്കള്‍ പിന്നീട് ജനപ്രതിനിധികളായി മാറിയപ്പോള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണം ഉറപ്പു വരുത്താന്‍ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എ പ്രദീപ് കുമാര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടപ്പാക്കിയ ദേശീയ ശ്രദ്ധയാകര്‍ഷിച്ച നടക്കാവ് മോഡലും പ്രിസം പദ്ധതിയും ഇതിന്റെ മികച്ച ഉദാഹരണമാണ്.
മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും ലൈബ്രറി ഉണ്ടാക്കുകയാണ് ഞാന്‍ എം പിയായിരുന്നപ്പോള്‍ എന്റെ മണ്ഡലത്തില്‍ ആദ്യം ചെയ്തത്. പിന്നീട് എല്ലാ പൊതുവിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കൊണ്ടു വന്നു. ഇതിനെല്ലാം പ്രേരിപ്പിച്ചത് എസ് എഫ് ഐ അനുഭവങ്ങളാണ്. ടി വി രാജേഷ് അടക്കം ജനപ്രതിനിധികളായ എസ് എഫ് ഐ നേതാക്കളെല്ലാം ഈ ദിശയില്‍ ധാരാളം പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ പൊന്‍തൂവലായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യഥാര്‍ത്ഥത്തില്‍ രണ്ട് പതിറ്റാണ്ടുകാലം എസ് എഫ് ഐ നടത്തിയ പ്രക്ഷോപങ്ങളുടെ ഉല്‍പ്പന്നമാണ്.
വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതിലുള്ള കച്ചവടവത്കരണത്തെ ഒരുപരിധി വരെ കേരളത്തില്‍ തടയാന്‍ കഴിഞ്ഞത് ശക്തമായ എസ് എഫ് ഐ ഉള്ളതുകൊണ്ടും വലിയ സമരങ്ങള്‍ നടത്തിയതുകൊണ്ടുമാണ്. കേരളത്തില്‍ രോഹിത് വെമുലമാരുണ്ടാകാത്തതിനു കാരണവും ഇതൊക്കെ തന്നെയാണ്.
കാലമാവശ്യപ്പെടുന്ന മാറ്റങ്ങള്‍
അക്കാദമികമായ ഇടപെടലുകളും ആശയ സംവാദങ്ങളും എസ് എഫ് ഐ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലമാണ്. ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തെ തന്നെ മതാധിഷ്ഠിതമായി പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറാണ് കേന്ദ്രഭരണകൂടത്തെ നിയന്ത്രിക്കുന്നത്. മതരാഷ്ട്രത്തിന്റെ ശിലാന്യാസം അവര്‍ നടത്തുന്നത് വിദ്യാഭ്യാസമേഖലയിലാണ്.
പാഠ്യപദ്ധതിയേയും വിദ്യാഭ്യാസത്തേയും വര്‍ഗീയവത്കരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള പദ്ധതി തകൃതിയായി നടപ്പാക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും സ്വതന്ത്ര ചിന്ത, വിമര്‍ശന ബുദ്ധി, സംവാദം, വിയോജിപ്പ് എന്നിവയെല്ലാം കുറ്റകൃത്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം വിദ്യാഭ്യാസം വിലയേറിയ(ചെലവേറിയ) ഒരു ചരക്കായി മാറിക്കൊണ്ടിരിക്കുന്നു.
കച്ചവടവത്കരണം അതിവേഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വലിയ ചെലവു വഹിക്കാന്‍ കഴിയുന്ന സമ്പന്നര്‍ക്കു മാത്രമേ ഉന്നത വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് സ്ഥിതി. പട്ടിക ജാതി, പട്ടിക വര്‍ഗത്തില്‍പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും ഉന്നതവിദ്യാഭ്യാസം കൂടുതല്‍ കൂടുതല്‍ അപ്രാപ്യമായി കൊണ്ടിരിക്കുകയാണ്. ഇതിനെതിരായി പോരാടാന്‍ സംഘടനാപരമായ കരുത്തിനൊപ്പം ആശയ വ്യക്തതയും ദാര്‍ഢ്യവും ആവശ്യമാണ്. ആ പോരാട്ടങ്ങള്‍ക്ക് ഇന്ത്യയില്‍ ഇന്ന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരേയൊരു സംഘടന എസ്എഫ്ഐ ആണ്. ജെഎന്‍യുവിലെ സമരങ്ങളെല്ലാം അത് തെളിയിച്ചിട്ടുമുണ്ട്.
ഇനി കേരളത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണം എസ് എഫ് ഐയുടെ മുഖ്യ അജണ്ടയാവേണ്ടതുണ്ട്. കൂടുതല്‍ പെണ്‍കുട്ടികളെ എസ് എഫ് ഐയുടെ നേതൃരംഗത്തേക്ക് എല്ലാ തലങ്ങളിലും ഉയര്‍ത്തികൊണ്ടുവരേണ്ടതുണ്ട്. പ്രവര്‍ത്തനങ്ങളിലും സമരമുഖത്തുമെല്ലാം പെണ്‍കുട്ടികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അത് നേതൃതലത്തിലും പ്രതിഫലിക്കണം.
സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരേ ജനാധിപത്യ സംവാദങ്ങളുടെ വലിയ തുറസുകള്‍ കാംപസുകളില്‍ സൃഷ്ടിക്കാനും വിശാലമായ സമരനിര കെട്ടിപ്പെടുക്കാനും എസ് എഫ് ഐ ആണ് മുന്നില്‍ നില്‍ക്കേണ്ടത്. അരനൂറ്റാണ്ടിന്റെ ഉജ്ജ്വല ചരിത്രമുള്ള എസ് എഫ് ഐയ്ക്ക് വലിയ ഉത്തരവാദിത്തങ്ങളാണ് ഇന്ന് നിര്‍വഹിക്കാനുള്ളത്. അതിനവര്‍ക്ക് കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.
(ഫോട്ടോകള്‍: എം ബി രാജേഷിന്റെ ഫേസ് ബുക്ക് പേജില്‍ നിന്നും)
Comments are closed.