മായാനദിയിലെ പാട്ടുകാരി
ഹസാരോ ഖ്വായിഷേന്‍ ഐസി എന്ന ഹിന്ദി ചിത്രത്തിലെ ബാവ് രാ മന്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഗാനമാണ്. പ്രണയവും സൗഹൃദവും അതിതീവ്രമായി ഒഴുകിയ മായാനദി കണ്ടിറങ്ങിയ ഓരോരുത്തരും മൂളിയ പാട്ടാണ് ഇത്. മൂന്ന് പെണ്‍കുട്ടികളുടെ സൗഹൃദത്തിന്റെ ഊഷ്മളത പകര്‍ന്ന ഈ ഗാനം ചിത്രത്തിന് വേണ്ടി പാടിയത് സിനിമയില്‍ അഭിനയിച്ച ദര്‍ശന തന്നെയാണ്. മലയാളികളുടെ ബാവ് രാ മന്‍ പെണ്‍കുട്ടി ദര്‍ശന രാജേന്ദ്രന്‍ സിനിമാ വിശേഷങ്ങളും സ്വപ്‌നങ്ങളും രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു
പാട്ട് എന്നെയും ഹിറ്റാക്കി
പാട്ട് ഇത്രയും വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഭയങ്കര ഹിറ്റായി. ഞാന്‍ പാടിയതിനേക്കാള്‍ ഒറിജിനല്‍ പാട്ടിനോടാണ് ഏറെ ഇഷ്ടം. ആ ഇഷ്ടം തന്നെയാണ് പാട്ട് ഇത്രയും നന്നാവാനും കാരണം. അത് എന്നെയും ഹിറ്റാക്കി.
മറക്കാനാവാത്ത സീന്‍
മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന ആ ബാല്‍ക്കണി സീനിനേയും പാട്ടിനേയും കുറിച്ചാണ് എല്ലാവരും പറയുന്നത്. ആ സീന്‍ ഇഷ്ടമായി എന്ന് പറഞ്ഞ് ഇപ്പോഴും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നവരുണ്ട്. അഭിനയിച്ച സമയത്തും ഏറ്റവും ഫീലായി അഭിനയിച്ച സീനും അത് തന്നെയാണ്. ആ സിനിമയിലെ എന്റെയും ലിയോണയുടേയും ലാസ്റ്റ് ഡേ ഷൂട്ടായിരുന്നു അത്. എല്ലാവരും പോവണാല്ലോ, കഴിഞ്ഞല്ലോ എന്നൊരു ഫീലിലായിരുന്നു അത് ഷൂട്ട് ചെയ്യാനിരുന്നതും. ഭയങ്കര ഇമോഷണലായിരുന്നു ആ സമയം. ഇങ്ങനെയുള്ള സീന്‍ കൂടിയായപ്പോള്‍ സ്വാഭാവികമായി ഞങ്ങള്‍ അതിലേക്ക് അങ്ങ് കയറി. ഓര്‍മ്മയില്‍ നില്‍ക്കുന്ന ഷൂട്ടാണ് അന്നത്തേത്.
ലിയോണ ഏറ്റെടുത്ത പാട്ട്
കോളേജില്‍ പഠിക്കുന്ന സമയം മുതല്‍ പാടുന്ന പാട്ടാണിത്. ഒന്നു രണ്ട് വര്‍ഷം മുമ്പ്, മ്യൂസിഷനായ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അന്ന് ഞാനിത് എന്റെ കുറച്ച് ഫ്രണ്ട്സിനു അയച്ചു കൊടുത്തിരുന്നു. എനിക്കും ലിയോണയ്ക്കും ഒരു കോമണ്‍ ഫ്രണ്ടുണ്ട്. ആ ഫ്രണ്ട് ലിയോണയെ ഈ പാട്ട് കേള്‍പ്പിച്ചു. സെറ്റില്‍ വന്നപ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടായി. പിന്നെ ലിയോണ പാട്ടങ്ങ് ഏറ്റെടുത്തു. ദര്‍ശന പാടിയ പാട്ടാണ് എന്ന് പറഞ്ഞ് സെറ്റില്‍ എല്ലാരേയും കേള്‍പ്പിച്ചു. ലാസ്റ്റ് ഡേ ഷൂട്ടിന്റെ അന്ന് സ്പീക്കറില്‍ എല്ലാവരേയും പാട്ട് കേള്‍പ്പിച്ചു. അപ്പോ ശ്യാമേട്ടന്‍ പറഞ്ഞു കൊള്ളാല്ലോ അപ്പൊ അടുത്ത സീനില്‍ നമ്മുക്ക് ഇത് പാടണം എന്ന്. അങ്ങനെയാണ് പാടിയത്.
പാട്ട് പഠിച്ചിട്ടില്ല, പക്ഷെ പഠിക്കും
വളര്‍ന്നതും ജീവിക്കുന്നതും പല നഗരങ്ങളിലായതു കൊണ്ട് പാട്ട് അങ്ങനെ പഠിക്കാന്‍ പറ്റിയിട്ടില്ല. സൗദി, കൊച്ചി, ഡല്‍ഹി, ലണ്ടന്‍, ചെന്നൈ എന്നിങ്ങനെയാണ് ജീവിച്ചത്. കുറെ അവിടെ ഇവിടെയായി പഠിച്ചിട്ടുണ്ട് എന്നല്ലാതെ ശരിക്കുമൊരു അടിത്തറയൊന്നുമില്ല. എപ്പോഴും പഠിക്കണമെന്ന് ആഗ്രമുണ്ട്. എപ്പോഴും ഇങ്ങനെ മാറിമാറി ജീവിക്കുന്നതു കൊണ്ട് സ്ഥിരമായി ക്ലാസില്‍ പോക്കും പഠിത്തവുമൊന്നും നടക്കില്ല.
ഷൂട്ടിന്റെ സമയത്ത് പാടുമ്പോഴും അത്രയ്ക്ക് വലിയ കാര്യമായി ഒന്നും തോന്നിയില്ല. സാധാരണ മൂന്ന് പെണ്‍കുട്ടികള്‍ പുറത്തു സംസാരിച്ചിരിക്കുമ്പോള്‍ ആരെങ്കിലും ഒരാള്‍ പാട്ടു പാടുന്നതു പോലെയെ തോന്നിയുള്ളൂ. സിനിമയില്‍ കുറച്ചേ പാടിയുള്ളൂ. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. ഇത്രയും സ്വീകാര്യത കിട്ടി. എനിക്കിഷ്ടമുള്ള കുറേ മ്യൂസിഷന്‍സ് എന്റെ പാട്ടിനെ കുറിച്ച് നല്ലതു പറഞ്ഞു. ഷഹബാസിക്ക ഇതേ കുറിച്ച് എഴുതി. അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി.
അപ്പു, സമീറ, ദര്‍ശന
ശരിക്കും ഭയങ്കരമൊരു കൂട്ടുകെട്ടാണിത്. ഞങ്ങള്‍ ആദ്യത്തെ ദിവസം മുതല്‍ തന്നെ നല്ല കൂട്ടായി. അതിനു മുമ്പ് വലിയ പരിചയമൊന്നും ഇല്ലായിരുന്നു ഞങ്ങള്‍ തമ്മില്‍. മാളിലാണ് ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്തത്. രണ്ടാമത്തെ ദിവസം മുതല്‍ ലൊക്കേഷനില്‍ പോകുന്നതും വരുന്നതും താമസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം ഒരുമിച്ചായി. ഇപ്പോഴും എന്നും സംസാരിക്കാറുണ്ട്.
സിനിമയിലേക്ക് വന്ന വഴി
2011 മുതല്‍ തിയേറ്റര്‍ രംഗത്തുണ്ട്. അതു വഴി തന്നെയാണ് സിനിമയിലും എത്തുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ജോലി കളഞ്ഞ് മുഴുവന്‍ സമയം കലയ്ക്ക് വേണ്ടി മാറ്റിവെയ്ക്കുന്നത്.തിയേറ്റര്‍ മാത്രമായി നിലനില്‍ക്കാന്‍ പറ്റില്ല. അങ്ങനെ അതുമായി ബന്ധപ്പെട്ട മറ്റെന്തൊക്കെ എന്നു നോക്കിയപ്പോള്‍ അതില്‍ സിനിമയും വന്നു. ഡബ്ബിംഗ്, സ്റ്റോറി ടെല്ലിങ്ങ് പോലെ എനിക്ക് ഈ മേഖലയില്‍ ചെയ്യാന്‍ പറ്റുന്നതില്‍ സിമനിയും വരികയായിരുന്നു. അങ്ങനെ ഓഡിഷന് പങ്കെടുക്കാന്‍ തുടങ്ങി. തമിഴിലെ കവനാണ് ആദ്യ സിനിമ.
ഒഴുകി നടക്കുന്ന ഞാന്‍
കുറേ കാലമായി ഒരു സ്ഥലത്തും അങ്ങനെ സ്ഥിരമായി നില്‍ക്കാറില്ല. ഒരു പെട്ടിയില്‍ എപ്പോഴും കുറച്ച് സാധനങ്ങള്‍ ഉണ്ടാകും. ഇപ്പോഴും കുറച്ച് സാധനങ്ങള്‍ പെട്ടിയില്‍ തന്നെയാണ്. മൊത്തത്തില്‍ പുറത്തുവയ്ക്കുന്ന പരിപാടിയില്ല. കുറേ കാലമായി ഒരിടത്ത് നിന്ന് മറ്റൊരു സ്ഥലം ഇങ്ങനെ ചാടി ചാടി നടക്കുകയാണ്.
നാടകത്തോട് പെരുത്തിഷ്ടം
കുടുംബത്തില്‍ എല്ലാവര്‍ക്കും കലയോട് താല്‍പര്യമുണ്ട്. അമ്മ ഡാന്‍സ് ചെയ്യും. ചെറുപ്പത്തില്‍ പാട്ടും ഡാന്‍സും ഒക്കെ ഉണ്ടായിരുന്നു. ചേച്ചി നാടകം ചെയ്യുമായിരുന്നു. ലണ്ടനിലെ പഠിത്തം കഴിഞ്ഞ് ചെന്നൈയിലാണ് ജോലി കിട്ടിയത്. അവിടെ നാടകം ചെയ്യുന്ന ഒരു ഫ്രണ്ടുണ്ടായിരുന്നു. അങ്ങനെ സുഹൃത്തിന്റെ ഒപ്പം ഒരു ഓഡിഷനു പോയതാണ്. അങ്ങനെ തുടങ്ങിയതാണ്. പിന്നെ തോന്നിയത് എനിക്ക് ഇത്രയും ഇഷ്ടള്ള കാര്യം ഇതുവരെ എങ്ങനെയാണ് ഞാന്‍ മിസ് ചെയ്തത് എന്നാണ്. പിന്നെ തിയറ്ററിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും ഒരുപാട് ആള്‍ക്കാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നും തോന്നി. ആ സമയത്ത് ജോലിയും നാടകവും ഒരുമിച്ചാണ് കൊണ്ടുപോയിരുന്നത്. ഓഫീസ് കഴിഞ്ഞാലുടന്‍ നാടകത്തിന് ഓട്ടമാണ്. ലീവൊക്കെ ഷോയ്ക്കായി മറ്റിവെച്ച് ഒരുമിച്ചാണ് എടുക്കുക. നാടകത്തില്‍ കൂടുതല്‍ ചെയ്യണമെന്നും അതിനു വേണ്ടി ഒരു ബ്രേക്ക് എടുക്കാമെന്നും വിചാരിച്ച് ജോലി തല്‍ക്കാലം വിട്ടതായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷമായി. ഇതുവരെ തിരിച്ചു പോയിട്ടില്ല.
പെണ്‍കുട്ടികള്‍ക്ക് നാടകം ഓകെയാണ്
നാടക മേഖല പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഒരിടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെന്നൈയില്‍ നിരവധി പെണ്‍കുട്ടികള്‍ നാടകം ചെയ്യുന്നുണ്ട്.
അപ്പു
സ്ത്രീയെന്ന നിലയില്‍ എന്തൊക്കെ ഇമോഷന്‍സുണ്ടോ അതൊക്കെ എക്സ്പ്ലോര്‍ ചെയ്യുന്ന ക്യാരക്ടറാണ് അപ്പു. സ്ത്രീയുടെ എല്ലാ ആക്സ്പെറ്റ്സും കവര്‍ ചെയ്തിട്ടുള്ള ക്യാരക്ടറാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തരം സ്ത്രീ കഥാപാത്രങ്ങള്‍ കൂടുതലായി കാണാറില്ല. ജീവിതത്തില്‍ തന്നെ ഇങ്ങനെയുള്ള ആള്‍ക്കാരെ കാണാന്‍ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നത് അഭിമാനമുള്ള കാര്യമാണ്. സിനിമയില്‍ ചെറിയ റോളാണ് എന്നൊന്നും ആലോചിച്ചിരുന്നില്ല. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ടെക്നീഷ്യന്‍, എഴുത്തുകാര്‍, സംവിധായകര്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ.കുറച്ച് ദിവസത്തെ ഷൂട്ടില്‍ കുറെ പഠിക്കണം എന്നായിരുന്നു ആഗ്രഹം.
സിനിമയ്ക്ക് പുറത്ത് ഒരുപാട് അപ്പുമാരുണ്ട്
അപ്പുവിനെ പോലുള്ള പെണ്‍കുട്ടികള്‍ നമ്മുടെ ചുറ്റിലും ഒരുപാട് ഉണ്ട്. ഈ ഒരു ചുറ്റുപാടിലേക്ക് വന്നതില്‍ പിന്നെ ദിവസവും ഇതുപോലെ ചിന്തിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്. എനിക്ക് അടുത്ത സുഹൃത്തുക്കളുമായും ഉണ്ട്. എന്നാല്‍ സിനിമയില്‍ ഇത് എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്നുള്ളതേയുള്ളൂ. ആര്‍ക്കു വേണമെങ്കിലും ചെയ്യാന്‍ കഴിയുന്ന കുറെ കഥാപാത്രങ്ങളെ മാത്രമാണ് ഇപ്പോള്‍ നമ്മുടെ സിനിമയില്‍ കൂടുതല്‍ സ്ത്രീ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെയുള്ള സിനിമകള്‍ കാണുന്നത് തന്നെ സന്തോഷമാണ്.
കുടുംബമാണ് പിന്തുണ
അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് കുടുംബം. അമ്മയും ചേച്ചിയും പെര്‍ഫോമേഴ്സാണ്, ആക്ടേഴ്സാണ്. അമ്മയ്ക്ക് സൗദിയില്‍ ഡാന്‍സ് സ്‌കൂള്‍ ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എപ്പോഴും പരിപാടി ഉണ്ടാകും. അപ്പോള്‍ ബാക്കി മൂന്നു പേരും സപ്പോട്ട് ചെയ്യാനുണ്ടാകും. അങ്ങനെ ഭയങ്കര പിന്തുണ നല്‍കുന്ന കുടുംബമാണ്. അച്ഛന്‍ രാജേന്ദ്രന്‍ സൗദിയില്‍ ബ്രിട്ടീഷ് കൗണ്‍സിലിലായിരുന്നു. ഇപ്പോള്‍ റിട്ടയര്‍ഡായി നാട്ടില്‍ വന്നു. അമ്മ നീരജ രാജേന്ദ്രന്‍ ഇപ്പോ ഇവിടെ വന്ന് കുറെ സിനിമയൊക്കെ ചെയ്യുന്നുണ്ട്. ഒരമ്മ വേഷം ഉണ്ട് എന്ന് പറഞ്ഞ് ആരോ വിളിച്ചതാണ്. പിന്നെ കേള്‍ക്കുന്നത് ഞാന്‍ ഓഡിഷനു പോട്ടെ, എന്താ ഓഡിഷന് ചോദിക്കുകയെന്ന്. ഇപ്പോ കുറെ സിനിമയില്‍ അഭിനയിച്ചു. അമ്മയ്ക്കിഷ്ടമുള്ള കാര്യം ചെയ്യുന്നുവെന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ചേച്ചി ഭാവന ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. കൂടെ നാടകവും ഉണ്ട്. തമിഴ് സിനിമ ഇരുമ്പ് തിറൈയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. അഞ്ജലി മേനോന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.