നജീബില്‍ നിന്നും നാദിറയിലേക്ക്, ചരിത്രം വഴിമാറിയപ്പോള്‍
തോന്നയ്ക്കല്‍ എ ജെ കോളെജിലെ മൂന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ നാദിറ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. കോളെജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയാണ് നാദിറ. എ ഐ എസ് എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ് എഫ് ഐയുടെ സ്ഥാനാര്‍ത്ഥിയോട് 18 വോട്ടിനാണ് അവര്‍ തോറ്റുവെങ്കിലും ചരിത്രം നാദിറയ്ക്കൊപ്പമാണ്. പൂര്‍വ ജീവിതത്തില്‍ അവര്‍ മുഹമ്മദ് നജീബായിരുന്നു. നജീബില്‍ നിന്നും നാദിറയിലേക്കുള്ള യാത്രയെ കുറിച്ചും മറ്റും അനുവുമായി സംസാരിക്കുന്നു.
ഒരു ട്രാന്‍സ്ജന്‍ഡറായി മത്സരിച്ചതിനെ കുറിച്ച്?
സത്യത്തില്‍ ഒരു പാട് സ്നേഹത്തിന്റെയും, പിന്തുണയുടെയും നടുവിലാണ് ഞാന്‍. ആണായിട്ടോ, പെണ്ണായിട്ടോ ലഭിക്കാത്ത ഒരു പിന്തുണയാണ് ട്രാന്‍സ്ജന്‍ഡറായ നാദിറയ്ക്ക് ലഭിക്കുന്നത്. അത് സുഹൃത്തുക്കളില്‍ നിന്നായാലും കോളേജ് അധികൃതരില്‍ നിന്നായാലും അങ്ങനെ തന്നെയാണ്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും,ചരിത്രപരമായ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്തു തോന്നുന്നു?
എ ഐ എസ് എഫ് സ്ഥാനാര്‍ത്ഥിയായാണ് ഞാന്‍ മത്സരിച്ചത്.18 വോട്ടുകള്‍ക്കാണ് എസ് എഫ് ഐ സ്ഥാനാര്‍ഥി ഇവിടെ ജയിച്ചത്. എന്നെ പിന്തുണയ്ക്കാന്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഒപ്പമുണ്ടായിരുന്നു.അത് പാര്‍ട്ടിക്ക് മാത്രം കിട്ടിയ സ്വീകാര്യതയല്ല, മറിച്ച് ട്രാന്‍സ്ജന്‍ഡറായ എനിക്കും ലഭിച്ച പിന്തുണയാണിത്.
വീടുമായുള്ള ബന്ധം
സത്യത്തില്‍ ട്രാന്‍സ്ജന്‍ഡേഴ്സിനു സമൂഹം നല്കുന്ന പരിഗണന ഒരിക്കലും സ്വന്തം വീട്ടില്‍ നിന്ന് ലഭിക്കാറില്ല. ഞങ്ങളെ പോലെയുള്ളവരെ സ്വന്തം വീടും വീട്ടുകാരും എപ്പോഴും അകറ്റി നിര്‍ത്തുകയാണ്. ചില മിഥ്യാ ധാരണകളാണ് ഇതിനു പിന്നില്‍. അഭിമാനം, അന്തസ്സ് അങ്ങനെയുള്ള കാരണങ്ങളാണ് ഇവര്‍ പറയുന്നത്. സത്യത്തില്‍ ഞങ്ങളെ പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ, സ്വന്തം കുടുംബത്തിന്റെ പിന്‍ബലം തന്നെയാണ്. ഞാന്‍ ഒരു ടി ജിയാണെന്ന് എട്ടു മാസം മുന്‍പാണ് മനസ്സിലാക്കിയത്. അതോടെ എനിക്ക് വീടു വിട്ടിറങ്ങേണ്ടി വന്നു. എട്ടാം ക്ലാസ്സില്‍ വച്ച് സ്വന്തം സ്വത്വം തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ പോരാടുകയായിരുന്നു. ജീവിക്കാനായി.
സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനു മാറ്റം സംഭവിച്ചിട്ടുണ്ടോ?
ഒരു വലിയ വിഭാഗം അംഗീകരിച്ചിട്ടുണ്ട്. എങ്കില്‍ തന്നെയും മറ്റൊരു വിഭാഗം ഞങ്ങളെ ലൈംഗിക തൊഴിലാളികളായി കാണാറുണ്ട്. ഇപ്പൊ കോളേജില്‍ വേണ്ട സ്നേഹവും പരിഗണനയും ലഭിക്കുന്നു. എന്നാല്‍ പണ്ട് സ്കൂളിലോ തുടക്ക കാലത്ത് കോളേജിലോ ഒന്നും ഇതായിരുന്നില്ല അവസ്ഥ. ഞാന്‍ ഈ കോളേജില്‍ അഡ്മിഷന് വാങ്ങിയത് ആദ്യം പുരുഷനായി തന്നെയാണ്. മുഹമ്മദ് നജീബെന്ന പേരില്‍.
അപ്പോള്‍ നാദിറയെന്ന വിളി കേള്‍ക്കുമ്പോള്‍
നജീബെന്ന പേര് ഞാന്‍ മറന്നു തുടങ്ങി. എല്ലാവരും ഇപ്പൊ നാദിറ എന്നാണ് വിളിക്കുന്നത്. അതാണ് എനിക്കും ഇഷ്ടം. ഞാന്‍ ആരാണെന്ന് തിരിച്ചറിയുന്നുണ്ടല്ലൊ.
മോഡലിംഗ് രംഗത്ത് എങ്ങനെ എത്തി?
ഒന്നരവര്‍ഷം മുന്‍പ് ക്വയറിഥം എന്ന എല്‍ ജി ബിടി ഐക്യൂ സംഘടന വഴിയാണ് മോഡലിംഗ് രംഗത്തിയത്. പിന്നീട് ജീവിതത്തില്‍ പിടിച്ചു നില്ക്കാന് ഈ രംഗം എനിക്ക് വഴികാട്ടിയായി. നിലവില്‍ ക്വയറിഥം സിബിഒയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാണ് ഞാന്‍. ട്രാന്‍സ്ജെന്‍ഡര്‍ പോലൊരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ക്വയറിഥം. രാജ്യത്തെ ഏറ്റവും വലിയ ടിജി ഫാഷന്‍ ഷോയായ മാനവീയം 2018 ല്‍ ടൈറ്റില്‍ വിന്നര്‍, വര്‍ണം 2018 വിന്നര്‍ ഒക്കെ ആകാന്‍ സാധിച്ചു. 2017 മുതല്‍ സംസ്ഥാനസര്‍ക്കാരിന്റെ ട്രാന്‍സ് സ്കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്.
ഭാവി
ഞാന്‍ മൂന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ്.എനിക്ക് നല്ലത് ഇതാണെന്ന് മനസ്സിലാക്കി തെരഞ്ഞെടുത്തതാണ്. ഇത് തന്നെയാകണം എന്റെ ഭാവിയും.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.