ഇല്ല, ഞാന്‍ ഇനി ശബരിമലയില്‍ പോകില്ല: രഹ്ന ഫാത്തിമ
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ മുതല്‍ ഈ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിന്നാലെയാണ് മലയാളി. വിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് പ്രവേശിക്കാനെത്തിയത് പത്തോളം യുവതികളാണ്. എന്നാല്‍ അവരില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് രഹ്ന ഫാത്തിമ എന്ന യുവതി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതാണ്. ആക്ടിവിസ്റ്റ്, അയ്യപ്പനെ അവഹേളിക്കാന്‍ ശ്രമിച്ചവള്‍, അവിശ്വാസി തുടങ്ങി നിരവധി വാദഗതികള്‍ തന്നെ ചുറ്റിത്തിരിയുമ്പോള്‍ രഹ്ന ഫാത്തിമ തന്നെ പറയും താന്‍ ആരാണെന്നും തന്റെ വിശ്വാസങ്ങള്‍ എന്താണെന്നും. അനുവുമായി രഹ്ന ഫാത്തിമ സംസാരിക്കുന്നു.
ആരാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹ്ന ഫാത്തിമ. അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്?
എല്ലാവരെയും പോലെ സാധാരണ രീതിയില്‍ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു എന്നതാണ് പലരും കാണുന്ന തെറ്റ്. പക്ഷെ അത് ഞാന്‍ എക്കാലവും തുടരും. എന്റെ നിലപാട് അതില്‍ ഞാന്‍ സത്യസന്ധമായി ഉറച്ചു നില്‍ക്കും. അത് ഉറക്കെ പറയുകയും ചെയ്യും. അതിനു മാറ്റമില്ല.
രഹ്ന ഫാത്തിമ ഒരു വിശ്വാസിയാണോ, എന്ന് പലര്‍ക്കും സംശയമുണ്ട്?
വിശ്വാസത്തെ നിങ്ങള്‍ എങ്ങനെയാണ് നിര്‍വചിക്കുന്നത്. മറ്റൊരാളിന്റെ നന്മയെ ബാധിക്കാത്തതെല്ലാം നമ്മുടെ വിശ്വാസങ്ങളല്ലെ. പിന്നെ ശബരിമലയുടെ വിഷയത്തില്‍ ഞാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത് വിശ്വാസമില്ലാതെയാണെന്ന് പലരും പ്രചരിപ്പിക്കുന്നതാണ്.
ശബരിമലയില്‍ എത്താന്‍ വ്രതമെടുത്തിരുന്നോ?
ഒരു പുരുഷന്‍ എന്തൊക്കെ രീതിയില്‍ വ്രതങ്ങള്‍ നോക്കിയാണോ ശബരിമലയിലെത്തുന്നത്. അതൊക്കെ പാലിച്ചാണ് ഞാനുമെത്തിയത്. മൂന്ന് ദിവസം ഞാന്‍ വ്രതമെടുത്തു. അയ്യപ്പന്മാര്‍ ചെരിപ്പിടാതെ നടക്കണമെന്നൊക്കെ നിഷ്ഠകള്‍ ഉണ്ടല്ലൊ. അതൊക്കെ ഞാന്‍ പാലിച്ചിരുന്നു. എല്ലാ മതങ്ങളുടെയും അന്തസത്ത പഠിക്കാന്‍ എനിക്ക് വളരെ താല്പര്യമുണ്ട്. ആ രീതിയിലാണ് ഞാന്‍ ശബരിമലയിലും പ്രവേശിക്കാന്‍ ശ്രമിച്ചത്. പോകും മുന്‍പ് ഞാന്‍ ശബരിമലയെ കുറിച്ച് പലരോടും സംസാരിച്ചിരുന്നു. അവിടുത്തെ ആചാരങ്ങളെ കുറിച്ചും മറ്റും വിവരങ്ങളും ശേഖരിച്ചു.
ഇരുമുടിക്കെട്ടിനുള്ളില്‍ ഉണ്ടായിരുന്നതിനെപറ്റി പലരും പലതുമാണ് പറയുന്നത്?
ഇരുമുടിക്കെട്ടിനുള്ളില്‍ എന്തൊക്കെയാണോ വേണ്ടത്, അത് തന്നെയാണ് അതിലുണ്ടായിരുന്നത്.
സര്‍ക്കാരിന്റെയും പൊലീസിന്റെയും സഹായങ്ങളും സുരക്ഷയും എങ്ങനെയായിരുന്നു?
പുറപ്പെടും മുന്‍പും വിവരം പൊലീസിനെ അറിയിച്ചിരുന്നു. പമ്പയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവില്‍ വരെ സ്വന്തം റിസ്‌ക്കില്‍ തന്നെയാണ് പോയത്. അവരുടെ പ്രൊട്ടക്ഷനില്‍ നിന്നും പിന്മാറരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കൊച്ചു കുട്ടികളെ വരെ മുന്‍ നിര്‍ത്തിയാണ് അവര്‍ എന്നെ തടഞ്ഞത്.
കോടതി വിധിയെ ഇങ്ങനെ എതിര്‍ക്കുന്നത് എന്തിനായിരിക്കും?
തികച്ചും രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ജനങ്ങള്‍ സത്യങ്ങള്‍ പറഞ്ഞാല്‍ കൂടെ നില്‍ക്കില്ലെന്ന് കരുതിയാകും ആചാരങ്ങളെയൊക്കെ കൂട്ടുപിടിക്കുന്നത്. സത്യത്തില്‍ സുപ്രീം കോടതി വിധിയെ അവര്‍ വെല്ലുവിളിക്കുകയാണ്. നിരവധി യുവതികള്‍ക്ക് ശബരിമലയില്‍ പോകാന്‍ താല്പര്യമുണ്ടാകും. പക്ഷെ അവര്‍ അത് തുറന്ന് പറയാത്തതാണ്.
ആചാരങ്ങള്‍ ലംഘിച്ചാല്‍ നട അടച്ചു ഇറങ്ങുമെന്ന് തന്ത്രി പറഞ്ഞിരുന്നു. ഇതിനെ കുറിച്ച്.
പരസ്യമായി തന്ത്രി വെല്ലുവിളിക്കുകയാണ് ഈ രാജ്യത്തെ നിയമവ്യവസ്ഥകളെ. കോടതി വിധിയനുസരിച്ചാണ് ഞാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയത്. അപ്പോള്‍ നട അടയ്ക്കുമെന്ന് പറയാന്‍ തന്ത്രിക്കെന്താണ് അവകാശം. നട അടച്ചേ തീരൂ എന്ന് നിര്‍ദേശിക്കാന്‍ കൊട്ടാരത്തിന് എന്താണ് അവകാശം. അതൊക്കെ ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാകണം. ഞാന്‍ ആക്ടിവിസ്റ്റാണെന്നതാണ് കുറ്റമായി പറയുന്നത്. പക്ഷെ നടയില്‍ തൊഴാന്‍ വരുന്നവരുടെ ചരിത്രം ചികയുന്നതെന്തിനാണെന്ന് എനിക്കറിയില്ല.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനെ പറ്റി
കോടതി ഉത്തരവിനനുസരിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് എന്നെ മാനസികമായും ശാരീരികമായും തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് എല്ലാം. എന്നെ ഒറ്റപ്പെടുത്താന്‍ ഒരു ശ്രമം എല്ലാ രീതിയിലും നടക്കുന്നുണ്ട്.
ഇനി ശബരിമലയില്‍ പോകുമോ?
ഇല്ല. ഇനി ഞാന്‍ ശബരിമലയില്‍ പോകില്ല. പക്ഷെ ഞാന്‍ കയറിയാല്‍ നട അടയ്ക്കുമെന്നും യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ പമ്പ മുതല്‍ പുണ്യാഹം തളിക്കണമെന്നുമൊക്കെയുള്ള തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഞാന്‍ നിയമനടപടികള്‍ സ്വീകരിക്കും.
ബിജെപി നേതാവ് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച്
സത്യത്തില്‍ സുരേന്ദ്രനുമായി യാതൊരു ബന്ധവുമില്ല എനിക്ക്. അതൊക്കെ വെറുതെ എന്നെ തേജോവധം ചെയ്യാനുള്ള ആരോപണങ്ങള്‍ മാത്രമാണ്. രണ്ട് വര്‍ഷം മുന്‍പ് ഒരു ചിത്രത്തില്‍ എന്ന് ടാഗ് ചെയ്തിരുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തെ എനിക്ക് അറിയില്ല
ഭര്‍ത്താവ് ജനം ടി വി ജീവനക്കാരനാണെന്നും പറയുന്നുണ്ടല്ലോ?
അതാണ് ഞാന്‍ പറഞ്ഞത്. ഇതൊക്കെ കേള്‍ക്കുന്ന ജനങ്ങള്‍ക്ക് ഞാന്‍ ബിജെപിയുമായി ബന്ധമുള്ളയാളാണെന്ന് തോന്നും. അതിനു വേണ്ടി ഞാന്‍ പറയുന്നതൊക്കെ നുണയാണെന്ന് കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതൊക്കെ.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.