കെട്ടിട നിര്‍മ്മാണ വസ്തുക്കളും ഇനി വിരല്‍തുമ്പിലൂടെ വാങ്ങാം
വീട് വയ്ക്കുന്നതിന് വേണ്ട സാധനങ്ങള്‍ വാങ്ങുന്നത് വളരെ തലവേദന പിടിച്ച പണിയാണ്. ശ്രദ്ധിച്ച് വാങ്ങിച്ചില്ലെങ്കില്‍ പണിയാകും. കൂടാതെ കടയില്‍ നിന്നും കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നതും മറ്റൊരു പ്രശ്‌നമാണ്. ഇനി ആ തലവേദനകള്‍ വേണ്ട. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മണല്‍ മുതല്‍ മരം വരെ എല്ലാ സാധനങ്ങളും ഒറ്റ ക്ലിക്കില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ എത്തിക്കാവുന്ന ഒരു ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ഊട്ടു എന്നാണ് പേര്. വീട്ടുടമയ്ക്ക് മാത്രമല്ല കച്ചവടക്കാര്‍ക്കും ലോറി തൊഴിലാളികള്‍ക്കും വരെ ഗുണകരമാകുന്ന രീതിയിലാണ് ഊട്ടുവിന്റെ പ്രവര്‍ത്തനം.
തൃശൂരുകാരനായ ഉദീഷ് ടി ഉണ്ണികൃഷ്ണനാണ് ഊട്ടുവുമായി രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലും ഗള്‍ഫിലും കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ഈ മുപ്പത് വയസ്സുകാരന്‍. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌നവുമായി അദ്ദേഹം ഊട്ടുവിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിക്കുന്നത്. അദ്ദേഹം ഊട്ടുവിനെ കുറിച്ച് അഭിമുഖവുമായി സംസാരിക്കുന്നു.
എന്താണ് ഊട്ടു (uutu)?
എല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ ഓണ്‍ലൈന്‍ സാങ്കേതിക യുഗത്തില്‍, കേരളത്തില്‍ ആദ്യമായി കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ സഹായകരമാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് ഊട്ടു. കെട്ടിട നിര്‍മാണത്തിനാവശ്യമായിവരുന്ന എല്ലാവിധ സാധനങ്ങളും വളരെ എളുപ്പത്തില്‍ ഓണ്‍ലൈനിലൂടെ വാങ്ങാനും വില്‍ക്കാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവശ്യ സാധനങ്ങള്‍ ഇനിമുതല്‍ വീട്ടിലിരുന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാം. ഊട്ടുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടയുടമയും ലോറി ഡ്രൈവറും കെട്ടിട നിര്‍മ്മാണം നടക്കുന്നയിടത്ത് വാഹനമാര്‍ഗം അത് എത്തിക്കും.
ഒരു വീട് നിര്‍മ്മിക്കുന്നതിനാവശ്യമായിവരുന്ന ഉല്‍പന്നങ്ങളുടെയെല്ലാം കൃത്യമായ വില, അവയുടെ മറ്റു വിവരങ്ങള്‍, ഉപഭോക്താക്കളുടെ പ്രദേശത്തുതന്നെ വരുന്ന വ്യാപാരികളുടെയും അഥവാ സ്ഥാപനങ്ങളുടെയും വിശദമായ വിവരങ്ങള്‍ ഊട്ടുവില്‍ ലഭ്യമാണ്. ഇതുവഴി ഇടനിലക്കാരൊന്നും ഇല്ലാതെ ന്യായമായ വിലയില്‍ ഒരു മൊബൈല്‍ ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാം.
ഏതെല്ലാം കെട്ടിട നിര്‍മ്മാണ വസ്തുക്കളും ഊട്ടു വഴി വാങ്ങിക്കാനാകും?
ഹാര്‍ഡ്വെയര്‍, ഇലക്ട്രിക്കല്‍സ്, സാനിറ്ററി വെയര്‍, ഫര്‍ണീച്ചറുകള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സായ മണല്‍, ഇഷ്ടിക, ബ്രിക്സ്, കരിങ്കല്ല്, സിമന്റ്, കമ്പി, ടൈല്‍സും ഗ്രാനൈറ്റും തുടങ്ങിയ വിവിധ സാമഗ്രികള്‍ ഊട്ടു വഴി വാങ്ങാം. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് വ്യാപാരികള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ ഈ മൊബൈല്‍ ആപ്ലിക്കെഷനില്‍ രജിസ്റ്റര്‍ ചെയ്യാം.
വ്യാപാരികള്‍ക്ക് അവരുടെ ഷോപ്പിലെ എല്ലാ സാമഗ്രികളുടെയും ഫോട്ടോയും അവയെ കുറിച്ചുള്ള മറ്റുവിവരങ്ങളും ആപ്പില്‍ ചേര്‍ക്കാം. ഡെലിവറിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഈ ആപ്ലിക്കേഷനിലൂടെ നടത്താന്‍ കഴിയുമെന്നതും ഒരു പ്രത്യേകതയാണ്.
Read Also: ആമസോണ്‍, വാള്‍മാര്‍ട്ട്, റിലയന്‍സ് വമ്പന്‍മാരെ നേരിടാന്‍ ഒരു പെരിന്തല്‍മണ്ണക്കാരന്‍
മറ്റൊരു പ്രധാന സവിശേഷതയാണ് ഡെലിവറി ആപ്പ്. ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ അനുസരിച്ച് വ്യാപാരികള്‍ അതാത് ഏരിയയിലുള്ള ഡെലിവറി ജീവനക്കാരുമായി ആപ്പ് വഴി ബന്ധപ്പെടുകയും ഉപഭോക്താവിന്റെ ലൊക്കേഷന്‍ അവര്‍ക്ക് ഷെയര്‍ ചെയുന്നതുമാണ് ആദ്യപടി. തുടര്‍ന്ന് ഡെലിവറി ജീവനക്കാര്‍ സ്ഥാപനത്തിലെത്തി ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ അന്നേ ദിവസം തന്നെ ഉപഭോക്താവിന് എത്തിക്കും. ആ പ്രദേശത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡ്രൈവര്‍മാരാണ് ഡെലിവറി ജീവനക്കാര്‍.
ആര്‍ക്കൊക്കെ ആപ്പ് ഉപയോഗിക്കാം?
കേരളത്തിലെ കെട്ടിട നിര്‍മാണ രംഗത്തെ എല്ലാ വ്യാപാരികള്‍ക്കും ഔട്ടോറിക്ഷ, പെട്ടി വണ്ടി, ടിപ്പര്‍, ലോറി ഡ്രൈവര്‍മാര്‍ക്കും ഊട്ടു ആപ്പില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
Comments are closed.