ട്രാന്‍സ്‌ജെന്റര്‍ അവന്തികയും സംഘവും ശബരിമലയില്‍
അയ്യപ്പന്‍. ശിവന്റേയും വിഷ്ണുവിന്റെ സ്ത്രീ അവതാരമായ മോഹിനിയുടേും പുത്രന്‍. അയ്യപ്പന്റെ വാസസ്ഥലമായ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് യുവതികളെ കയറ്റാമെന്നും ഇല്ലെന്നും പറഞ്ഞ് കേരളം പരസ്പരം തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന നാളുകളാണ് കടന്നു പോകുന്നത്. മല കയറാനെത്തിയ യുവതികളെ തിരിച്ചയക്കുകയും അവര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. അതിനിടയിലാണ് ട്രാന്‍സ്‌ജെന്ററുകളായ ഒരു സംഘം മല കയറാനെത്തിയതും ആദ്യം പൊലീസ് തടയുകയും പിന്നീട് ദര്‍ശനം നടത്താന്‍ അനുവദിക്കുകയും ചെയ്തത്. മനസ്സ് കൊണ്ട് സ്ത്രീത്വത്തെ വരിച്ച അവരെ മലയില്‍ കയറ്റാമോയെന്ന തര്‍ക്കവും ഉണ്ടായി. ആ നാലംഗ സംഘത്തില്‍ അവന്തിക വിഷ്ണു, അനന്യ, തൃപ്തി, രഞ്ജു എന്നീ ട്രാന്‍സ്‌ജെന്റേഴ്‌സാണ് ഉണ്ടായിരുന്നത്. വിവാദത്തെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും മറ്റും സംഘത്തിലുണ്ടായിരുന്ന എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അവന്തിക അനുവുമായി സംസാരിക്കുന്നു.
അവന്തിക, ഇതൊരു ചരിത്രമല്ലേ. അപ്പൊള്‍ അത് കുറിച്ചവരെ ആദ്യം ഒന്ന് പരിചയപ്പെടുത്താമോ?
ഞങ്ങള്‍ നാലു പേര്‍. അവന്തിക, അനന്യ, തൃപ്തി, രഞ്ജു. ഞാന്‍ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബി എസ് ഡബ്യൂ ചെയ്യുന്നു. രഞ്ജു തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. അനന്യ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ്. കൂടെ ആങ്കറിങ്ങും മോഡലിംഗും ചെയ്യുന്നു. പിന്നെ തൃപ്തി ഹാന്റിക്രാഫ്റ്റ് ബിസിനസ് ചെയ്യുന്നു. എന്റേയും രജ്ഞുവിന്റേയും വീട് കോട്ടയത്താണ്. അനന്യ കൊല്ലം സ്വദേശിയും,തൃപ്തി കാസര്‍കോഡ് സ്വദേശിയുമാണ്. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞങ്ങള്‍ വീട്ടുകാരില്‍ നിന്നും അകന്നിരുന്നു.
എങ്ങനെയാണ് ശബരിമലയില്‍ കയറണം എന്ന ചിന്ത വന്നത്?
വിശ്വാസം മനസ്സില്‍ ബലപ്പെട്ടതോടെയാണ് ഞങ്ങള്‍ മല ചവിട്ടാന്‍ തീരുമാനിക്കുന്നത്. ഞങ്ങളെ അകറ്റി നിര്‍ത്തേണ്ട കാര്യമില്ലല്ലോ. കൊച്ചിയില്‍ നിന്നാണ് ഞങ്ങള്‍ മല ചവിട്ടാനെത്തിയത്. വരുന്നതിനു മുന്‍പ് പത്തനംതിട്ട കളക്ടറോട് സുരക്ഷ നല്‍കുന്ന കാര്യം സംസാരിച്ചിരുന്നു. കളക്ടര്‍ സുരക്ഷ ഉറപ്പു പറഞ്ഞിരുന്നു.

വ്രതമെടുത്താണോ മല ചവിട്ടാന്‍ എത്തിയത്?
അതെ. അയ്യപ്പനെ കാണാന്‍ സാധാരണ ഏതൊരാളും എടുക്കുന്ന അതേ വ്രത നിഷ്ഠകളോടെയാണ് ഞങ്ങളും മല ചവിട്ടാനെത്തിയത്. ഗുരുസ്വാമി നിറച്ചു തന്ന കെട്ടില്‍ എന്തൊക്കെയുണ്ടായിരുന്നുവെന്ന് ഞങ്ങള്‍ അവിടെ വച്ച് മാദ്ധ്യമങ്ങളെ കാണിച്ചിരുന്നു. അരിയും മലരും തേങ്ങയുമൊക്കെ അവിടെ സമര്‍പ്പിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചിട്ടാണ് ഞങ്ങള്‍ തിരികെ പോന്നത്. നെയ്യഭിഷേകം നടത്തി, മാളികപ്പുറത്ത് അവല്‍, മലര്‍ നിവേദ്യം സമര്‍പ്പിച്ചും നാളികേരം ഉരുട്ടി ചടങ്ങുകളും പൂര്‍ത്തീകരിച്ചു.
പിന്നെന്തിനാണ് നിങ്ങളെ പൊലീസ് തടഞ്ഞത് ?
ഞങ്ങളെ തടഞ്ഞത് എരുമേലിയില്‍ വച്ചാണ്. ഞങ്ങള്‍ സാരി ഉടുത്താണ് മല ചവിട്ടാന്‍ എത്തിയത്. എന്നാല്‍ ഈ വേഷത്തില്‍ ഒരു പക്ഷേ നിങ്ങളെ തടയും. വേഷം മാറ്റി വന്നാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയും സൗകര്യവും ഒരുക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തു. പക്ഷെ ഞങ്ങള്‍ക്ക് അത് സമ്മതമായിരുന്നില്ല.
അതെന്താണ് നിങ്ങള്‍ അതിനു സമ്മതിക്കാതിരുന്നത്?
യഥാര്‍ഥ സ്വത്വം മറച്ച്, വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അടിയറ വച്ച് ദര്‍ശനം നടത്തുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പൊലീസ് പറഞ്ഞതിനോട് സമ്മതിക്കാതിരുന്നത്.

ഇതിനു മുന്‍പ് ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടോ?
ഉണ്ട് ഞാനും തൃപ്തിയും രണ്ടാം തവണയാണ് മല ചവിട്ടുന്നത്. ഞങ്ങളുടെ ഐഡന്റിറ്റി വ്യക്തമാകുന്നതിനു മുന്‍പാണ് ആദ്യം മല ചവിട്ടിയത്. അനന്യ ആദ്യമായാണ് മല ചവിട്ടുന്നത്. രഞ്ജു പതിമൂന്നാം തവണയും.
നിങ്ങള്‍ക്ക് ഇടത് പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചല്ലൊ?
സത്യത്തില്‍ ഞാന്‍ എ ഐ എസ് എഫിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ്. എന്നു കരുതി പാര്‍ട്ടി പറഞ്ഞിട്ടാണ് ഞാന്‍ മല ചവിട്ടാന്‍ എത്തിയതെന്ന് പറയാന്‍ പറ്റുമോ?. നാളെ എനിക്കെന്തെങ്കിലും അസുഖം വന്നാല്‍ എ ഐ എസ് എഫിന്റെ പേരില്ലല്ലോ എന്റെ സ്വന്തം പേരിലല്ലേ അത് വരുക. അത് പോലെ ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇതിനെ പാര്‍ട്ടിയുമായി കൂട്ടിക്കുഴക്കരുത്.
നിങ്ങള്‍ക്ക് രഹസ്യ അജണ്ടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതായും വാര്‍ത്തയുണ്ടായിരുന്നു?
ഞങ്ങള്‍ അതിനെ കുറിച്ച് പൊലീസില്‍ തന്നെ തിരക്കി. പക്ഷെ അങ്ങനെയൊരു റിപ്പോര്‍ട്ട് ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. അപ്പൊ വ്യാപകമായി വ്യാജപ്രചരണങ്ങള്‍ ഞങ്ങള്‍ക്കെതിരെ നടന്നതായി മനസിലായി. അനന്യയ്ക്ക് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്നാണ് ഒരു വാര്‍ത്ത വന്നത്. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ അനന്യയ്ക്ക് ഒരു നടനുമായി പരിചയം ഉണ്ടാവാം. അവര്‍ ഫോട്ടോ എടുത്തിട്ടുണ്ടാകം. അതൊക്കെ കമ്മ്യൂണിസ്റ്റ് ബന്ധം കാട്ടി പെരുപ്പിക്കാന്‍ തുടങ്ങിയാലോ?
പൊലീസ് സഹകരണം എങ്ങനെയായിരുന്നു?
പൊലീസ് ഞങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കി. പ്രത്യേകിച്ച് മനോജ് എബ്രഹാം സാര്‍. ഞങ്ങള്‍ വേഷം മാറാന്‍ പോലും അവര്‍ പറഞ്ഞത് ഈ സുരക്ഷയെ കരുതിയാണ്.

രഹന ഫാത്തിമ പോലെയുള്ളവര്‍ മല ചവിട്ടാന്‍ വന്നപ്പൊ പറഞ്ഞത് വിശ്വാസം ഉണ്ടായിട്ടല്ല, പക്ഷെ ഒന്ന് കയറണം സന്നിധാനത്ത് എന്നാണ്. അതിനെ കുറിച്ച്?
അത് തെറ്റാണ്. അതിനെ ഞങ്ങള്‍ ഒരിക്കലും പിന്തുണക്കില്ല. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ലല്ലൊ ശബരിമല. വിശ്വാസികള്‍ക്ക് വ്രത നിഷ്ഠകളോടെ കയറാന്‍ ഉള്ള ഇടമാണത്. അവിടെ വെല്ലുവിളികളും മറ്റും നടത്തുന്നത് തന്നെ കഷ്ടമാണ്.
നിങ്ങളുടെ ദര്‍ശനത്തിന്റെ തന്ത്രി എതിര്‍ത്തില്ല?
അതെ ആചാര്യന്മാര്‍ ഞങ്ങളുടെ ദര്‍ശനത്തെ എതിര്‍ത്തില്ല എന്നത് വളരെ വലിയൊരു കാര്യമാണ്. അവര്‍ ഞങ്ങളെ അംഗീകരിച്ചതില്‍ വളരെ സന്തോഷം തോന്നി.
നിങ്ങള്‍ മറ്റേന്തെങ്കിലും സംഘടനകളിലുണ്ടോ?
ഞാനും രഞ്ജുവും ധ്വനി എന്നു പറയുന്ന സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമാണ്. അനന്യയും തൃപ്തിയും ധ്വയ എന്ന സംഘടനയുടെ ഭാരവാഹികളാണ്. ഞങ്ങളുടെ ഐഡന്റിറ്റിയാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)